കാട്ടുകൊമ്പന്റെ കാലുകളിൽ ഞെരിയേണ്ടതായിരുന്ന കുടുംബത്തെ വളർത്തുനായ ജിമ്മിയുടെ ജാഗ്രത രക്ഷിച്ചു
എടക്കര :കാട്ടുകൊമ്പന്റെ കാലുകളിൽ ഞെരിയേണ്ടതായിരുന്നു ഈ കുടുംബം. വളർത്തുനായ ജിമ്മിയുടെ ജാഗ്രത ഒന്നുകൊണ്ടാണ് അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അവനാണ് കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കി മുന്നറിയിപ്പു കൊടുത്തത്. കിടന്നിരുന്ന ചായ്പ് കാട്ടാന നശിപ്പിച്ചെങ്കിലും വീട്ടുകാർക്ക് രക്ഷപ്പെടാനായത് നായയുടെ ബഹളംകൊണ്ടാണ്.
ഉദിരംകുളം മങ്ങാട്ടൂർ സുന്ദരന്റെ ഒൻപതംഗ കുടുംബമാണ് കാട്ടാനയിൽനിന്ന് രക്ഷപ്പെട്ടത്. കരിയംമുരിയം വനത്തിന്റെ സമീപമാണ് ഇവരുടെ വീട്. വീടിനോടുചേർന്ന് അടുക്കളയായി ഉപയോഗിക്കുന്ന ചായ്പിലാണ് സുന്ദരനും ഭാര്യയും ഉറങ്ങുന്നത്. പ്ലാസ്റ്റിക്കിന്റെ മറയാണ് ചായ്പിനുള്ളത്.
വളർത്തുനായ ജിമ്മി ശബ്ദത്തിൽ കുരയ്ക്കുന്നതും പ്ലാസ്റ്റിക് ഷീറ്റിൽ മാന്തി ശബ്ദം ഉണ്ടാക്കുന്നതും കേട്ടാണ് സുന്ദരനും ഭാര്യ സീതയും ഉണർന്നത്. പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് മുറ്റത്ത് നിൽക്കുന്ന കൊമ്പനെ. അലറിവിളിച്ച ആന തുമ്പിക്കൈ നീട്ടി ചായ്പിന്റെ അകത്തേക്കു കയറാൻ ശ്രമിച്ചു. ഒരുനിമിഷം കൊണ്ട് സുന്ദരനും ഭാര്യയും മക്കൾ കിടക്കുന്ന മുറിയിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടയിൽ മേൽക്കൂരതകർത്ത ആന ചായ്പിനുള്ളിലേക്ക് കയറാൻ വീണ്ടം ശ്രമിച്ചു. വീട്ടുകാരുടെ കൂട്ടനിലവിളി ശബ്ദത്തിൽ അമ്പരന്ന് ആന പിന്തിരിഞ്ഞു. പത്തുമിനിറ്റോളം വീടിനുചുറ്റും വലംവെച്ച് ചെമ്പൻകൊല്ലി റോഡ് വഴി കാട്ടിലേക്ക് കയറി. കാടതിർത്തിവരെ ആനയെ പിന്തുടർന്ന് ഓടിച്ചശേഷമാണ് ജിമ്മി തിരിച്ചുവന്നത്. ആദ്യമായാണ് ആന ഇവരുടെ വീടിനു സമീപമെത്തുന്നത്. ചെറുകര ബീവി, ചെട്ടിശേരി ജോൺ, പെരിച്ചാത്ര ബാലൻ എന്നിവരുടെ നെല്ല്, തെങ്ങ്, വാഴ എന്നിവയും ആന നശിപ്പിച്ചു.