Saturday, October 19, 2024
National

രാമനെ പൂജിച്ചുനടന്നവര്‍ അഹങ്കാരികളായി മാറിയെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് ആര്‍എസ്എസ് നേതാവ്; ബിജെപിയേയും മോദിയേയും വാനോളം പ്രശംസിച്ച് പുതിയ പ്രസ്താവന

ബിജെപിയ്ക്ക് എതിരായ വിവാദ പരാമര്‍ശം തിരുത്തി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ബിജെപിയെ ലക്ഷ്യം വച്ചുകൊണ്ട് പറഞ്ഞ രാമനെ പൂജിച്ചുനടന്നിരുന്നവര്‍ ക്രമേണെ അഹങ്കാരികളായെന്ന പരാമര്‍ശത്തിലാണ് ആര്‍എസ്എസ് നേതാവിന്റെ മലക്കം മറിച്ചില്‍. രാമനെ പൂജിച്ചുനടന്നിരുന്നവരെ ജനങ്ങള്‍ അധികാരത്തിലേറ്റിയെന്നാണ് പുതിയ തിരുത്ത്.

രാമനെ എതിര്‍ത്തിരുന്നവരെല്ലാം ഭരണത്തില്‍ നിന്ന് പുറത്തായെന്നും രാമനെ പൂജിച്ചു നടന്നവര്‍ വീണ്ടും ഭരണത്തിലേറിയെന്നുമാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഇന്ദ്രേഷ് കുമാറിന്റെ പുതിയ പ്രതികരണം. മൂന്നാം തവണയും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. നരേന്ദ്രമോദിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. മോദിയ്ക്ക് കീഴില്‍ രാജ്യം കൂടുതല്‍ പുരോഗതി കൈവരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് രാമനെ പൂജിച്ചുനടന്നിരുന്നവര്‍ അഹങ്കാരികളായപ്പോള്‍ അവര്‍ 241 സീറ്റുകളില്‍ ഒതുങ്ങിയെന്നായിരുന്നു പൊതുവേദിയില്‍ ഇന്ദ്രേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു. ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെ ബിജെപിയ്‌ക്കെതിരെ പരോക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ മൂര്‍ച്ചയുള്ള വിമര്‍ശനവുമായി ഇന്ദ്രേഷ് രംഗത്തെത്തിയത് ബിജെപി-ആര്‍എസ്എസ് ബന്ധം ഉലഞ്ഞെന്ന തരത്തില്‍ ചര്‍ച്ചകളുണ്ടാകാന്‍ കാരണമായിരുന്നു.

Leave a Reply

Your email address will not be published.