വോട്ടെടുപ്പില്ലാതെ സൂറത്തിൽ താമര വിരിഞ്ഞു; ബാക്കി സ്ഥാനാർത്ഥികൾ എല്ലാം കോമഡി
രാജ്യത്തെ 73 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ഗുജറാത്തിലെ സൂറത്ത് ലോക്‌സഭ സീറ്റിലേക്ക് ഇത്തവണ വോട്ടെടുപ്പ് നടക്കില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതും സ്വതന്ത്രർ അടക്കം എട്ട് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതോടെ വോട്ടെടുപ്പിന് മുൻപേ തന്നെ മണ്ഡലത്തിൽ തീരുമാനം ആയി. മുകേഷ് ദലാലിലൂടെ ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം നേടുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 21നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുമ്പാനിയുടെയും ഡമ്മി സ്ഥാനാർത്ഥി സുരേഷ് പൽസദയുടെയും പത്രികകളിൽ പിന്തുണച്ചവരുടെ ഒപ്പ് വ്യാജമാണെന്ന് കാരണം ചൂണ്ടിക്കാട്ടി തള്ളിയതിന് പിന്നാലെയാണ് മുകേഷിനെ വിജയിയായി പ്രഖ്യാപിച്ചത്.
നിലേഷ് കുമ്പാനിയുടെ പത്രികയിൽ ഉണ്ടായിരുന്ന ഒപ്പുകളിൽ ആദ്യത്തേത് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായ ജഗദീഷ് സവാലിയയുടെ ആയിരുന്നു. രണ്ടാമത്തെ ഒപ്പ് അദ്ദേഹത്തിന്റെ മരുമകൻ ധ്രുവ് ധമേലിയ, മൂന്നാമത്തെ ഒപ്പ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ രമേഷ് പൊലോറയുടെയും ആയിരുന്നു. സുരേഷ് പൽസദയുടെ പത്രികയിൽ ഒപ്പിട്ട അദ്ദേഹത്തിന്റെ മരുമകൻ ഭൗതിക് കൊലഡിയയും തന്റെ ഒപ്പ് വ്യാജമാണെന്ന് സത്യവാങ്മൂലം നൽകിയതാണ് പത്രിക തള്ളാൻ കാരണം.
സൂറത്തിൽ കഥ ഇവിടംകൊണ്ടും അവസാനിച്ചില്ല. രണ്ടു കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയപ്പോൾ മത്സര രംഗത്ത് അവശേഷിച്ചിരുന്നത് ബിജെപി സ്ഥാനാർത്ഥി അടക്കം 9 പേരായിരുന്നു. ഇതിൽ നാലുപേർ സ്വതന്ത്രരും ഒരാൾ ബിഎസ്‌പി സ്ഥാനാർത്ഥിയും മറ്റു മൂന്ന് പ്രാദേശിക കക്ഷി സ്ഥാനാർത്ഥികളും പിന്നെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്നു ഉണ്ടായിരുന്നത്. ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ ഒഴികെ മറ്റ് 8 സ്ഥാനാർഥികളും ഏപ്രിൽ 22ന് തങ്ങളുടെ പത്രികകൾ പിൻവലിക്കുകയായിരുന്നു.