Thursday, January 23, 2025
Kerala

കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധനാജ്ഞ; പോളിങ് സാമഗ്രികളുടെ വിതരണം 8 മുതൽ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.

തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.

രണ്ടാംഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. യുപിയിലെ കനൗജിൽ നിന്ന് മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ച സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് പത്രിക സമർപ്പിക്കും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആണ് അഖിലേഷ് പത്രിക സമർപ്പിക്കുക. വോട്ടെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം കണക്കിലെടുത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *