Saturday, October 19, 2024
Kerala

ദലിത് ക്രൈസ്തവ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ നിലപാടെടുത്തിട്ടുള്ള തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ദലിത് ക്രൈസ്തവ ഐക്യസമിതി. ദലിത് ക്രൈസ്തവ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുന്ന തോമസ് ഐസക് പാര്‍ലമെന്റില്‍ അനിവാര്യമായി ഉണ്ടാകേണ്ട ജനപ്രതിനിധിയാണെന്ന് ദലിത് ക്രൈസ്തവ ഐക്യ സമിതി പ്രസ്താവനയിലൂടെ പറഞ്ഞു. ദലിത് ക്രൈസ്തവര്‍ക്ക് നഷ്ടമായ പട്ടികജായി പദവി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക സമീപനം കൈക്കൊള്ളുന്ന പശ്ചാത്തലത്തില്‍ ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങള്‍ സഭയില്‍ പ്രതിനിധീകരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ വിജയിപ്പിക്കണമെന്ന് ദലിത് ക്രൈസ്തവ സമിതി ആവശ്യപ്പെട്ടു.

ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് ദലിത് ക്രൈസ്തവ പ്രവര്‍ത്തകരോട് ദലിത് ക്രൈസ്തവ ഐക്യ സമിതി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. മതന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച്, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങള്‍ പ്രതിനിധീകരിക്കാന്‍ ഉചിതനായ സ്ഥാനാര്‍ത്ഥി കൂടിയാണ് ഡോ ടി എം തോമസ് ഐസക്. ഇന്ത്യയിലെ ക്രൈസ്തവരില്‍ 70 ശതമാനത്തോളം വരുന്ന ദലിത് ക്രൈസ്തവരോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മതവിവേചനത്തിന് ഈ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കേണ്ടതുണ്ടെന്നും ദലിത് ക്രൈസ്തവ സമിതി ആവശ്യപ്പെട്ടു

ദലിത് ക്രൈസ്തവ സമിതി നേതാക്കളായ ടി എം സത്യന്‍, സ്റ്റാന്‍ലി ജോണ്‍സണ്‍, സുമ ഫിലിപ്പ്, സ്റ്റീഫന്‍ മാത്യു, ലിജിമോള്‍ ഐസക്, സാം കവിയൂര്‍ എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.