Saturday, January 4, 2025
World

ബാറ്ററിയും നെയിൽപോളിഷും സ്ക്രൂവും നൽകി കാമുകന്റെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി; 20കാരി അറസ്റ്റിൽ

പെൻസിൽവാനിയ: കാമുകന്‍റെ ഒന്നരവയസ്സുള്ള പിഞ്ചുകുഞ്ഞിനെ ബാറ്ററികളും സ്ക്രൂകളും സൗന്ദര്യവർധക വസ്തുകളും നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 20കാരിയായ യുവതി അറസ്റ്റിൽ. അമേരിക്കയിലെ പെൻസിൽവേനിയയിലാണ് സംഭവം. ഏഴ് മാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് 20 വയസ്സുകാരിയായ അലീസിയ ഓവൻസിയുടെ അറസ്റ്റ്. കഴിഞ്ഞ വർഷം ജൂണിലാണ് 18 മാസം പ്രായമുള്ള ഐറിസ് റീത്ത ആൽഫെറ കൊല്ലപ്പെട്ടത്.

പെൻസിൽവേനിയയിലെ അറ്റോർണി ജനറൽ മിഷേൽ ഹെൻറി കുട്ടിയുടെ മരണ കാരണം രക്തത്തിലെ അസെറ്റോണിന്‍റെ മാരകമായ അളവ് കാരണമാണെന്ന് തെളിയിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ബാറ്ററിയും സൗന്ദര്യവർധക വസ്തുക്കളും സ്ക്രൂവും എങ്ങനെയാണ് കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുക എന്നത് പ്രതി പഠിച്ചതിന് ശേഷമാണ് കൃത്യം നടപ്പാക്കിയതെന്നും അറ്റോർണി ജനറൽ ഹെൻറി പറഞ്ഞു.

കുട്ടിയുടെ പിതാവായ ബെയ്ലി ജേക്കബിയുടെ കാമുകിയായിരുന്നു അലീസിയ. 2023 ജൂൺ 25ന്, ഷോപ്പിലേക്ക് പോകാനായി വീട്ടിൽ നിന്ന് ബെയ്‌ലി ജേക്കബി പുറത്തിറങ്ങി. കുറച്ച് സമയത്തിന് ശേഷം, കുഞ്ഞിന് ആരോ​ഗ്യപ്രശ്നമുണ്ടെന്ന് അലീസിയ ഫോണിലൂടെ അറിയിച്ചു. ബെയ്ലി എത്തിയപ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തുടർന്ന് കുട്ടിയെ ചികിത്സയ്ക്കായി ന്യൂ കാസിലിലെ യുപിഎംസി ജെയിംസൺ ആശുപത്രിയിൽ എത്തിച്ചു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ്, കുട്ടിയെ പിറ്റ്സ്ബർഗിലെ യുപിഎംസി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് എയർലിഫ്റ്റ് ചെയ്തു. നാല് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു. പൊലീസ് ചോദ്യം ചെയ്യലിൽ കുഞ്ഞ് കട്ടിലിൽ നിന്ന് വീണതാണെന്നാണ് അലീസിയ പറഞ്ഞത്. ബെയ്ലി പങ്കാളിയുമായി വേർപിരിഞ്ഞതിനാൽ കുഞ്ഞ് അമ്മ എമിലി ആൽഫെറയ്ക്കും മുത്തശ്ശിമാർക്കുമാണ് താമസിച്ചിരുന്നത്. കുഞ്ഞിനെ കാണാനുള്ള അനുമതി മാത്രമാണ് ഇയാൾക്കുണ്ടായിരുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞ് ബട്ടണിന്റെ ആകൃതിയിലുള്ള ബാറ്ററികളും മെറ്റൽ സ്ക്രൂവും ഉൾപ്പെടെ നിരവധി വസ്തുക്കൾ വിഴുങ്ങിയതായി കണ്ടെത്തി. നെയിൽ പോളിഷിന്റെ അംശവും വയറ്റിൽ നിന്ന് കണ്ടെത്തി. ഇത്തരം വിഷ വസ്തുക്കളാണ് മരണകാരണമെന്ന് വ്യക്തമായതോടെ പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. ഇത്തരം വസ്തുക്കൾ കുട്ടികളുടെ ആരോ​ഗ്യത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ലീസിയ ഓവൻസ് ഫോണിൽ തിരഞ്ഞതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

കുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന മരുന്നുകൾ, കുട്ടികളുടെ മരണത്തിന് കാരണമാകുന്ന സൗന്ദര്യവർധക വസ്തുക്കൾ എന്നിവയും പ്രതി ഫോണിൽ തിരഞ്ഞതായി പൊലീസ് വ്യക്തമാക്കി. തെളിവുകൾ നിരത്തി പൊലീസ് ചോ​ദ്യം ചെയ്തതോടെ അലീസിയ കുറ്റം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *