Saturday, March 15, 2025
National

തല്ലും തലോടലും ഒരുമിച്ച് പോകില്ല; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി. തല്ലും തലോടലും ഒരുമിച്ച് പോകില്ല എന്ന പേരില്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ഒരു വശത്ത് വിരുന്നൊരുക്കുകയും മറുവശത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയും. ക്രൈസ്തവ നേതൃത്വവുമായി സമവായമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് സഭയുടെ പ്രോത്സാഹനമില്ലെന്നും ദീപിക ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ പ്രതിദിനം ശരാശരി രണ്ട് അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നുണ്ട്. വര്‍ഷം തോറും ഈ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കള്ളക്കേസുകളില്‍ പെടുത്തല്‍, ദേവാലയങ്ങള്‍ നശിപ്പിക്കല്‍, തുടങ്ങിയവയാണ് ഇവ. ഇതെല്ലാം നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തരാണ് നേതൃത്വം നല്‍കുന്നത്. ഇതിനെല്ലാം ഇടയിലാണ് ക്രൈസ്തവരുമായി സൗഹൃദം പുലര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്. വിരുന്നുകള്‍ സംഘടിപ്പിക്കുന്നതടക്കം നടക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഇതരമതവിരോധം കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങളെ നിയന്ത്രിക്കണം. അല്ലാത്തപക്ഷം വിരുന്നുകളും സന്ദര്‍ശനങ്ങളും പ്രഹസനമാകുമെന്നും ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *