എം.ടിയുടെ സോവിയറ്റ് റഷ്യ പരാമർശം കേരളത്തെ ഉദ്ദേശിച്ചല്ല, അദ്ദേഹത്തിന്റെ വാക്കുകൾ കേന്ദ്ര സർക്കാരിന് നേരെയുള്ള കുന്തമുന; ഇ.പി ജയരാജൻ
മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എം.ടിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണെന്നും വിമർശനം കേന്ദ്ര സർക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും ഇപി ജയരാജൻ പറഞ്ഞു. എം.ടി യുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ ചർച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യവുമായി ബന്ധമില്ലെന്നും രാജ്യത്തിൻ്റെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി പലർക്കും എന്നത് പോലെ തനിക്കും മഹാനാണ്. മന്നത്ത് പത്മനാഭൻ, ശ്രീ നാരായണ ഗുരു, ഇഎംഎസ്, എകെജി എന്നിവരുടെ ഒക്കെ ചിത്രങ്ങൾ പലരും ആരാധിക്കുന്നുണ്ട്. അത് പോലെ തന്നെയാണ് പിണറായിയോടുള്ള ബഹുമാനമെന്നും ഇപി പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസംഗം. അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി വരുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.
അധികാരം ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം. ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമാണ് അധികാരം എന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടിക്കഴിഞ്ഞു. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി ആഞ്ഞടിച്ചിരുന്നു. ആ പ്രസംഗം കേരള സർക്കാരിന് എതിരെയല്ലെന്നും കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് ഇ.പി വ്യക്തമാക്കുന്നത്.