ബിജെപി കേന്ദ്രഭരണം ഉപയോഗിച്ച് കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു: ഇ.പി ജയരാജൻ
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പിണറായി സർക്കാരിന് കീഴിൽ സംസ്ഥാനം നേടിയത് വലിയ പുരോഗതി. ഈ പുരോഗതിയെ യുഡിഎഫും ബിജെപിയും ഭയക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ അധികാരം ഉപയോഗിച്ച് സംസ്ഥാന വികസനം തടയിടാൻ ബിജെപി ശ്രമിക്കുമ്പോൾ, വികസനത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് യുഡിഎഫിനെന്നും ഇ.പി ജയരാജൻ.
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുന്നിൽ ഇടതുമുന്നണി ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. അർഹിക്കുന്ന സാമ്പത്തിക സഹായം കേരളത്തിന് ലഭിക്കുന്നില്ലെന്നും കേന്ദ്ര സർക്കാരിൻ്റെ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ വികസനം തടയിടാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫിനെതിരെയും എൽഡിഎഫ് കൺവീനർ വിമർശനം ഉന്നയിച്ചു. സർക്കാരിന്റെ വികസന പരിപാടികളിൽ യുഡിഎഫ് പങ്കെടുക്കുന്നില്ല. നാടിന്റെ വികസനത്തിൽ യു.ഡി.എഫിന് ഒരു പങ്കുമില്ലെന്ന് വിമർശിച്ച ജയരാജൻ, കൊവിഡ് കാലത്ത് കേരളം ദുരിതത്തിലായപ്പോൾ യു.ഡി.എഫ് നോക്കുകുത്തികളായി നിന്നുവെന്നും വിമർശിച്ചു. പ്രളയ സമയത്തും സ്വീകരിച്ചതും ഇതേ നിലപാട്. സർക്കാർ പ്രവർത്തനങ്ങൾക്ക് യുഡിഎഫ് തടസം നിന്നു, സാലറി ചലഞ്ചിനോട് സഹകരിച്ചില്ല, ഉത്തരവ് കത്തിക്കുകയാണ് ചെയ്തത്. വികസനവിരുദ്ധ സമീപനമാണ് യു.ഡി.എഫിനെന്നും ഇ.പി ജയരാജൻ.
ഗവർണറെയും ഇപി വിമർശിച്ചു. നിയമസഭ പാസാക്കിയ ബില്ലുകൾ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കുന്നില്ല. ഇതിന് പിന്നിൽ കേന്ദ്ര നീക്കം. ബില്ലുകൾ തടഞ്ഞുവെക്കുന്നത് എന്തിനെന്നും ഇ.പി ജയരാജൻ ചോദിച്ചു. പത്രസമ്മേളനം നടത്താൻ എജിക്ക് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച ഇ.പി അതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും കുറ്റപ്പെടുത്തി. കുടിശ്ശിക പിരിച്ചെടുക്കുന്നില്ല എന്ന് പ്രചരിപ്പിച്ച എജി രാഷ്ട്രീയം കളിക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചു.