Monday, January 6, 2025
National

അസമിലും ഭാരത് ന്യായ് യാത്ര തടയാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്; വിശദീകരണം നല്‍കാതെ അസം സര്‍ക്കാര്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലും തടയാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. ജോര്‍ഹാട്ടില്‍ കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറ അറിയിച്ചു. അതേസമയം യാത്രയുടെ അനുമതി സംബന്ധിച്ച് അസം സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. നിയന്ത്രണങ്ങളോടെ യാത്ര മണിപ്പൂരില്‍ നിന്ന് തന്നെ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഇംഫാലിലെ വേദിമാറ്റ സംബന്ധിച്ചു കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

ഈ മാസം 14 നാണ് ഭാരത് ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.

6,200 കിലോമീറ്ററില്‍ ബസില്‍ ആയിരിക്കും യാത്രയെന്നാണ് വിവരം. ചിലയിടങ്ങളില്‍ പദയാത്ര സംഘടിപ്പിക്കും. മണിപ്പൂര്‍, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.

Leave a Reply

Your email address will not be published. Required fields are marked *