Friday, April 18, 2025
National

നിജ്ജർ കൊലപാതകം: അമേരിക്കയുടെ പരസ്പരവിരുദ്ധ പ്രസ്താവനകളിൽ ഇന്ത്യക്ക് അതൃപ്തി

ദില്ലി: ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിലെ അമേരിക്കൻ നിലപാടിൽ ഇന്ത്യയ്ക്ക് അതൃപ്തി. പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അമേരിക്ക നടത്തുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിമർശിക്കുന്നു. അമേരിക്ക ഇത് തുടർന്നാൽ ഇന്ത്യ പരസ്യമായി തന്നെ അതൃപ്തി അറിയിക്കും. പ്രശ്ന പരിഹാരത്തിന് അമേരിക്ക കൂടി ഉൾപ്പെട്ട ചർച്ച നടന്നേക്കുമെന്നാണ് വിവരം. എന്തെങ്കിലും നടപടി ആർക്കെങ്കിലും എതിരെ എടുക്കാവുന്ന ഒരു തെളിവും കാനഡ നൽകിയിട്ടില്ലെന്ന് ഇന്ത്യ ആവർത്തിക്കുന്നു. നിജ്ജർ കൊലപാതകത്തിൽ പങ്കുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉൾപ്പടെ ജയിലിൽ അടക്കണമെന്ന് വീണ്ടും ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിട്ടുണ്ട്.

നേരത്തെ ക്വാഡ് ഉച്ചകോടിയിൽ ഭീകരവാദത്തെയും പിന്തുണക്കുന്ന രാജ്യങ്ങളെയും എതിർക്കണമെന്നും അതിന് പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്ക നിലപാടെടുത്തിരുന്നു. ഇന്ത്യ കൂടി അംഗമായ കൂട്ടായ്മയിൽ ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു അമേരിക്ക. എന്നാൽ തൊട്ടുപിന്നാലെ കാനഡയെ അനുകൂലിച്ചും ഇന്ത്യയെ പരസ്യമായി വിമർശിച്ചും യുഎസ് വിദേശകാര്യ വകുപ്പ് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു. ഇത് കാനഡയ്ക്ക് ബലമായി.

എന്നാൽ വിഷയത്തിൽ ഇന്ത്യ കാനഡക്കെതിരെ കടുത്ത നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ്. അതേസമയം ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ ഇന്ന് പ്രതികരിച്ചു. ഇന്തോ – പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം കൂടുതൽ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തടയാനും സ്വന്തം രാജ്യത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള ബാധ്യത കാനഡയ്ക്കുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാകുമെന്നും അതോടെ ഇന്ത്യയുമായി കൂടുതൽ ദൃഢമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും പ്രതീക്ഷിക്കുന്നതായും ബിൽ ബ്ലെയർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *