തെങ്ങുകള്‍ക്കിടെയിലെ ‘രഹസ്യം’ ;’വെറുംവരയല്ല, കേരളത്തിന്റെ തലവര മാറ്റുന്ന ശരിവരയെന്ന് കെ സുരേന്ദ്രൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒറ്റനോട്ടത്തില്‍ കടല്‍തീരത്തെ പാറക്കെട്ടില്‍ വളര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളുടെ കൂട്ടമായാണ് തോന്നുക. എന്നാല്‍ അല്‍പ്പമൊന്ന് സൂക്ഷിച്ച് നോക്കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം തെളിഞ്ഞ് കാണാം.
ഇതെന്നാണ് സംഭവമെന്ന് ചോദിച്ചാണ് ഭൂരിഭാഗം പേരും കമന്റ് ബോക്‌സില്‍ എത്തുന്നത്. രസകരമായ മറ്റ് നിരവധി കമന്റുകളും പോസ്റ്റിന് കീഴില്‍ വരുന്നുണ്ട്.
‘ഈ കാണുന്നത് ഒരു വെറുംവരയല്ല. അതിശയോക്തിപരമായ അപനിര്‍മ്മിതിയുമല്ല. കേരളത്തിന്റെ തലവര മാറ്റിവരയ്ക്കുന്ന ശരിവരയാണിത്. മോദിക്കുമാത്രം മാറ്റിമറയ്ക്കാന്‍ കഴിയുന്ന നേര്‍വര’യെന്നാണ് ചിത്രം പങ്കുവച്ച് സുരേന്ദ്രന്‍ പറഞ്ഞത്.
അതേസമയം കെ. ജി ജോർജ്ജിന്റെ അനുശോചനത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് ഉണ്ടായ പിഴവ് മനുഷ്യസഹജമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഇതിന്റെ പേരിൽ ട്രോളുന്നത് മനുഷ്യത്വരഹിതമാണ്. മാധ്യമങ്ങൾ അത് സംപ്രേഷണം ചെയ്യരുതായിരുന്നു. അതിനേക്കാൾ വലിയ ക്രൂരത സുധാകരനോട് കാണിച്ചത് വി.ഡി.സതീശനാണ്. ഇതെല്ലാം കാണുമ്പോൾ സുധാകരനോട് സഹാനുഭൂതിയാണ് തോന്നുന്നതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.