Tuesday, April 15, 2025
Kerala

‘കോട്ടയത്ത് 80 ഓളം പേർ ബിജെപിയിൽ ചേർന്നു, പാർട്ടിയിൽ ചേർക്കേണ്ടവരുടെ ലിസ്റ്റ് തയ്യാർ’; കെ സുരേന്ദ്രൻ

കോട്ടയം: ബിജെപിക്ക് ഇപ്പോള്‍ മതന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായ സ്വീകാര്യത ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയില്‍ അംഗത്വം സ്വീകരിച്ചവർക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട പ്രമുഖ കുടുംബങ്ങളിൽ നിന്നും 80 ഓളം പേർ ബിജെപിയിൽ ചേർന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകുമെന്നും ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകൾ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കേരളത്തിൽ പുതിയതായി പാർട്ടിയിലേക്ക് ചേർക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടെ അവരെ പാർട്ടിയിലേക്ക് ക്ഷണിക്കും. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക വച്ചുപുലർത്തുന്ന ആളുകളെയാണ് ബിജെപിയിലേക്ക് ക്ഷണിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. റബ്ബറിന്റെ വിലയിൽ അധികം വൈകാതെ മാറ്റങ്ങൾ ഉണ്ടാകും. കേന്ദ്രസർക്കാർ റബ്ബർ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരാണ് റബ്ബർ കർഷകരെ പറ്റിക്കുന്നത്. കർഷകർക്ക് അനുകൂലമായ എന്തെങ്കിലും നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നാണ് അപേക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു.

റബ്ബറിന്റെ കാര്യത്തിൽ പ്രകടനപത്രിയിൽ പറഞ്ഞ കാര്യം സംസ്ഥാന സർക്കാർ നടപ്പിലാക്കണം. റബ്ബറിന് 300 രൂപ ആക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കണം. സംസ്ഥാനത്ത് പാൽ വില കൂട്ടിയത് ജനങ്ങളോടുള്ള ദ്രോഹമാണ്. ഇനി വില വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് യാതൊരു സാധനവും ബാക്കിയില്ല. വില വര്‍ദ്ധന പാവപ്പെട്ട ജനങ്ങളെ വലിയ രീതിയിൽ ബാധിക്കും. പാലിന്‍റെ വില വർദ്ധനവ് കർഷക തത്പര്യപ്രകാരം അല്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *