‘ഗണപതിയെ കുറിച്ച് ഷംസീർ പറഞ്ഞത് അബദ്ധമല്ല, മനഃപൂർവമാണ്’; ശോഭ സുരേന്ദ്രൻ
ഗണപതിയെ കുറിച്ചു ഷംസീർ പറഞ്ഞത് അബദ്ധമല്ലെന്നും പറഞ്ഞത് മനഃപൂർവമാണെന്നും ശോഭ സുരേന്ദ്രൻ. ഹിന്ദു മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ശ്രമം. അങ്ങനെ പ്രശ്നം ഉണ്ടാകുന്ന സ്ഥലമല്ല കേരളം. മുസ്ലിം വിഭാഗത്തിന്റെ കുത്തക ഏറ്റെടുക്കാൻ ആയിരുന്നു ഷംസീറിന്റെ ശ്രമമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഒരു മുസ്ലിം പണ്ഡിതൻ പോലും ഗണപതി മിത്ത് ആണെന്ന് പറഞ്ഞിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടും. നേതൃത്വം തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ പറഞ്ഞതൊന്നും തനിക്ക് വേണ്ടിയല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി. ശബരിമല പ്രക്ഷോഭ കാലത്തും മുസ്ലിം പണ്ഡിതർ വിശ്വാസികൾക്കൊപ്പം ആയിരുന്നു.
സിപിഐഎമ്മുകാർ വിശ്വാസം ഉള്ളവരല്ല. അമ്പലത്തിൽ വിശ്വാസമില്ലെങ്കിൽ ദേവസ്വം ബോർഡുകൾ പിരിച്ചു വിടണമന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.നേതൃത്വത്തിനെതിരെ വിമർശനവുമായി ഇതിന് മുമ്പും ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. തന്നെ ഊര് വിലക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരന്നും കേരളത്തിലില്ല എന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ വാക്കുകള്‍.
എഐ ക്യാമറാ പദ്ധതിയിലെ തട്ടിപ്പുകൾ മനസിലാക്കി ആദ്യം തന്നെ പിന്മാറിയ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജെയിംസ് പാലമുറ്റം അടക്കമുള്ളവർ ഭീഷണി നേരിടുന്നതായും ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു.