ഇത് നിങ്ങളുടെ കേരളത്തിന്റെ കഥയാകാം, പക്ഷേ ഞങ്ങളുടെ കേരളത്തിന്റെ കഥ ഇതല്ല; ശശി തരൂർ
‘ ദി കേരള സ്റ്റോറി’ക്കെതിരെ പ്രതികരിച്ച് ശശി തരൂർ എംപി. ഇത് നിങ്ങളുടെ കേരളത്തിന്റെ കഥയാകാം, പക്ഷേ ഞങ്ങളുടെ കേരളത്തിന്റെ കഥ ഇതല്ല. ഈ സിനിമ നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ ആവിഷ്‌കാര സ്വാതന്ത്ര്യം വിലയില്ലാത്തതായി തീരുന്നില്ല. എന്നാൽ ഇതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറക്കെ പറയാൻ കേരളീയർക്ക് എല്ലാ അവകാശവുമുണ്ടെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചായിരുന്നു തരൂരിന്റെ വിമർശനം.
കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതിനു പിന്നാലെ ചിത്രത്തെ അനുകൂലിച്ചും എതിർത്തും നിരവധി ചർച്ചകളാണ് നടക്കുന്നത്. കേരളത്തിൽ നിന്ന് മതം മാറ്റി 32,000 സ്ത്രീകളെ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർത്തെന്ന ആരോപണമാണ് ചിത്രം പങ്കുവയ്‌ക്കുന്നത്.
ഇതിനിടെ ദി കേരള സ്‌റ്റോറിയെ പിന്തുണച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തുവന്നു. സിനിമയുടെ പ്രദര്‍ശനം കേരളത്തില്‍ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഐഎസ് സ്വാധീനം കേരളത്തില്‍ ശക്തമാണ്. സിനിമയെ സിനിമയായി കാണണമമെന്നും ദി കേരള സ്റ്റോറി കാണേണ്ടവര്‍ കാണട്ടെ എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ചിത്രം ബഹിഷ്‌കരിക്കണമെന്നും പ്രദർശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് നിരവധി കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം മേയ് അഞ്ചിന് തീയറ്ററുകളിലെത്തും. വിപുൽ അമൃതലാൽ ഷാ ആണ് ചിത്രം നിർമിച്ചത്.