Friday, October 18, 2024
Kerala

നിപ ജാഗ്രതയിൽ കോഴിക്കോട്; സമ്പർക്ക പട്ടികയിൽ 1192 പേർ, 5 പേർ കൂടി ലക്ഷണങ്ങളോടെ ഐസൊലേഷനിൽ

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രോഗലക്ഷണങ്ങളുള്ള 5 പേരെ കൂടി ഐസൊലേഷനിലാക്കിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. 1,192 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. ജില്ലയിൽ തുടരുന്ന കേന്ദ്ര സംഘം ഇന്നും വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. അതേസമയംസ കോഴിക്കോട് ജില്ലയില്‍ അടുത്ത ശനിയാഴ്ച (23-09-23) വരെ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ലാത്തത് ആശ്വാസമാണ്. രോഗ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി മെഡിക്കൽ കോളേജിൽ ഐസോലേഷനിലാക്കി. ഇതിൽ ഒരാള്‍ ആരോഗ്യപ്രവർത്തകയാണ്. സമ്പർക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായ് ചികിത്സയിലുള്ള നാല് പേരുടെയും നിലയിൽ പുരോഗതിയുണ്ട്. രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കുന്ന കാര്യത്തിൽ അനുഭാവ പൂർണമായ തീരുമാനുണ്ടാകുമെന്നും തത്ക്കാലം ഇവർ ബില്ല് അടയ്ക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്ര സംഘം ജില്ലയിൽ തുടരുന്നുണ്ട്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും, ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്ഡ‍ുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്‍റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. അതിനിടെ, സമൂഹമാധ്യമങ്ങളിലുടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെയും നിയന്ത്രണം ലംഘിച്ച് ബാലുശേരിയിൽ സെലക്ഷൻ ട്രയ‌ൽസ് നടത്തിയ ജില്ലാ അത്ലറ്റിക് അസോസിയേഷനെതിരെയും പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published.