Tuesday, March 11, 2025
National

ഉത്തർപ്രദേശിൽ യുവാവ് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു

ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. വിക്രമജിത് റാവു, രാംകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്ന് വിക്രംജിത് റാവു വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ഫിലിം സ്റ്റുഡിയോയിൽ എത്തിയ പ്രതി ജാസ്മിൻ പിതാവിനെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ്.

സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് റാവുവിൻ്റെ മുഖത്തും കഴുത്തിലും തലയിലും ജാസ്മിൻ വെട്ടി. നിലവിളി കേട്ട് എഴുന്നേറ്റ റിട്ടയേർഡ് റോഡ്‌വേസ് ജീവനക്കാരനായ മുത്തച്ഛൻ രാംകുമാറിനെയും ജാസ്മിൻ ആക്രമിച്ചു. തന്നെ തിരിച്ചറിയപ്പെടുമോ എന്ന ഭയത്തെ തുടർന്നാണ് രാംകുമാറിനെ ആക്രമിച്ചത്. വെട്ടേറ്റിട്ടും രാംകുമാർ ചലിക്കുന്നതു കണ്ട ജാസ്മിൻ രക്ഷപ്പെടുമോ എന്ന് ഭയന്ന് ചുറ്റിക കൊണ്ട് തലയിൽ പലതവണ അടിക്കുകയും ചെയ്തു.

ആയുധങ്ങൾ ഒളിപ്പിച്ച ശേഷം മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടുകയും, വീട്ടിൽ എത്തിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങൾ കഴുകി കിടന്നുറങ്ങുകയായിരുന്നുവെന്നും പൊലീസ്. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നും ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി മൊഴി നൽകി. ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) അശോക് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *