നിര്‍ത്തിയിട്ട ലോറിയിലേക്ക് വാന്‍ ഇടിച്ചുകയറി; ഒരുവയസ്സുള്ള കുട്ടിയടക്കം ആറുപേര്‍ മരിച്ചു
നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള കുട്ടിയടക്കം ആറുപേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തമിഴ്നാട്ടിലെ സേലം ജില്ലയില്‍ ശങ്കരി ബൈപാസിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വാന്‍ ഡ്രൈവര്‍ വിഗ്‌നേഷ് (25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.
അപകടം നടന്നശേഷം ഏറെ ശ്രമകരമായാണ് വാനിലുണ്ടായിരുന്നവരെ പുറത്തേക്ക് എടുത്തത്. അതിവേഗതയിലായിരുന്ന മിനി വാന്‍ ലോറിക്കുള്ളിലേക്ക് പൂര്‍ണമായും ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശങ്കരി ബൈപ്പാസില്‍ ചിന്നഗൗണ്ടന്നൂരിന് സമീപം എത്തിയപ്പോഴാണ് മിനിവാന്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് പാഞ്ഞുകയറിയത്.