Tuesday, January 7, 2025
Kerala

അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല; ഉദയനിധി സ്റ്റാലിന് എതിരെ കെ.ബി ഗണേഷ് കുമാർ

സനാതന ധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എ രം​ഗത്ത്. വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മണ്ടത്തരങ്ങളും വിഢിത്തങ്ങളും മന്ത്രിമാർ പറയാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ട്. അപ്പോൾ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു.

വിശ്വാസങ്ങളേയും ആചാരങ്ങളേയു ചോദ്യം ചെയ്യുന്നത് ശരിയല്ല. അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല. സിനിമയും രാഷ്ട്രീയവും അറിയാമെന്ന് കരുതി ആരാണ്ട് വിളിച്ചപ്പോൾ അവരെ സുഖിപ്പിക്കാനുള്ള നിലപാടുകൾ ശരിയല്ല. എല്ലാ മതത്തിന്റേയും ആത്മീയവിശ്വാസങ്ങൾക്ക് വിലയുണ്ട്‌.

സനാതന ധർമം പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഡി.എം.കെ നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ കോലാഹലങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോട്‌ താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. ‘ചില കാര്യങ്ങൾ എതിർത്താൽ മാത്രം മതിയാകില്ല, അവയെ തുടച്ചുനീക്കണം. ഡെങ്കി, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിർക്കാൻ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാധനത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധിയുടെ പരാമർശം.

രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന വിഭാഗത്തിന്റെ വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനം ചെയ്തതെന്ന വ്യാഖ്യാനമാണ് ബി.ജെ.പി. ഐ.ടി. സെൽ കൺവീനർ അമിത് മാളവ്യ നടത്തിയത്. എന്നാൽ, താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിന്റെ പേരിൽ നിയമനടപടി നേരിടാൻ തയ്യാറാണെന്നും ഉദയനിധി തിരിച്ചടിച്ചു. നിങ്ങൾക്ക് ഹിന്ദു എന്ന പേര് നൽകിയത് തന്നെ ബ്രിട്ടീഷുകാരാണ് എന്ന് പറയുന്ന ഡിഎംകെ നേതാവും എം.പിയുമായ എ രാജയുടെ പഴയ വിഡിയോയും വീണ്ടും ചർച്ചയായി.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതന വിരുദ്ധ കോൺക്ലേവിലാണ് ഉദയനിധി സ്റ്റാലിന്റെ ഈ പരാമർശമുണ്ടായത്. കാവി ഭീഷണികൾക്കുമുന്നിൽ തലകുനിക്കില്ലെന്നും ഈ സംസ്കാരത്തെ ഉന്മൂലം തന്നെ ചെയ്യണമെന്നുമാണ് ഉദയനിധി പറഞ്ഞത്. സനാതന ധർമ്മത്തിന്റെ മോശം വശങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയാണ് താൻ സംസാരിച്ചത്. ഇന്നും നാളെയും എന്നേക്കും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി ആവർത്തിച്ചിരുന്നു. ക്രിസ്ത്യൻ മീഷ്ണറിമാരുടെ ആശയങ്ങളാണ് സ്റ്റാലിൻ കുടുംബം പിന്തുടരുന്നതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ തിരിച്ചടിച്ചത്. രാജ്യത്തെ 80 ശതമാനം ജനങ്ങളെയും കൂട്ടക്കൊല നടത്താനാണോ ഉദയനിധി ആവശ്യപ്പെടുന്നതെന്നും, മുംബൈയിൽ നടന്ന ഇന്ത്യ യോഗത്തിലെ തീരുമാനമാണോ ഇതെന്നും ചോദിക്കുകയാണ് അണ്ണാമലൈ.

Leave a Reply

Your email address will not be published. Required fields are marked *