‘ചന്ദ്രയാൻ വിജയിച്ചു, പക്ഷേ രാഹുല്യാൻ…’, രാഹുൽ ഗാന്ധിയെ പരിഹസിച്ച് രാജ്നാഥ് സിംഗ്
രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കോൺഗ്രസ് നേതാവിനെ ചന്ദ്രയാനുമായി താരതമ്യം ചെയ്തായിരുന്നു പരിഹാസം. ചന്ദ്രയാൻ വിജയകരമായി ചന്ദ്രനിൽ ഇറങ്ങി, എന്നാൽ ‘രാഹുല്യാൻ’ വിക്ഷേപിക്കുകയോ ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് രാജ്നാഥ് സിംഗ് പരിഹസിച്ചു. രാജസ്ഥാനിലെ ജയ്സാൽമീറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സനാതന ധർമ്മത്തെ പ്രതിപക്ഷ കൂട്ടുകെട്ട് വ്രണപ്പെടുത്തി. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയിൽ കോൺഗ്രസ് നിശബ്ദത പാലിക്കുന്നു. ഈ വിഷയത്തിൽ നിങ്ങൾക്ക് ഒന്നും പറയാനില്ലേ? എന്തുകൊണ്ട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഖാർഗെയും മിണ്ടുന്നില്ല? മുഖ്യമന്ത്രി അശോക് ഗെലോട്ട് മറുപടി പറയണം’ – രാജ്നാഥ് സിംഗ് പറഞ്ഞു.
സനാതൻ ധർമ്മത്തെ അപമാനിച്ച ‘ഇന്ത്യൻ’ സഖ്യം മാപ്പ് പറയണം, അല്ലാത്തപക്ഷം രാജ്യം ക്ഷമിക്കില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. സാധാരണക്കാരെ ശാക്തീകരിക്കുകയാണ് ബിജെപി സർക്കാർ. ദരിദ്ര ക്ഷേമം മുദ്രാവാക്യമല്ല, അത് തങ്ങളുടെ ദൗത്യമാണെന്നും കേന്ദ്രമന്ത്രി. ശനിയാഴ്ച ചെന്നൈയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളോട് ഉപമിച്ചിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി.