ജോണ്‍സിന്റെ വിയോഗം, ക്രിക്കറ്റ് ലോകത്ത് ഞെട്ടല്‍; അനുശോചനമറിയിച്ച് പ്രമുഖര്‍
മുംബൈ: ഓസ്‌ട്രേലിയന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ഡീന്‍ ജോണ്‍സിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് താരങ്ങളും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും. ഐപിഎല്‍ കമന്ററി സംഘത്തിനൊപ്പം മുംബൈയിലായിരുന്ന ജോണ്‍സിന് ഇവിടെ വച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്. കൊവിഡിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ കമന്ററി സംഘമുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരും ബയോ ബബ്‌ളിന്റെ ഭാഗമായിരുന്നു.
യുഎഇയില്‍ ടൂര്‍ണമെന്റ് മികച്ച രീതിയില്‍ പുരോഗമിക്കവെയാണ് ഇടിത്തീ പോലെ ജോണ്‍സിന്റെ വിയോഗ വാര്‍ത്തയെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവര്‍ മുതല്‍ പല പ്രമുഖ താരങ്ങളും ജോണ്‍സിന്റെ മരണത്തില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും അനുശോചിക്കുകയും ചെയ്തിട്ടുണ്ട്.
ഡീന്‍ ജോണ്‍സിന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ധൈര്യവും ശക്തിയും ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നായിരുന്നു’ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കോലി ട്വീറ്റ് ചെയ്തത്.