‘ഈ വർഷവും കുടുക്ക പൊട്ടിച്ച കാശുമായി ഇഹ്സാനുൽ ഹഖ് എത്തി, നിറയെ ഉമ്മകൾ..’, മന്ത്രിയുടെ കുറിപ്പ്
തിരുവനന്തപുരം: വി കെയർ പദ്ധതിയിലേക്ക് സംഭാവന നൽകാൻ വീണ്ടും എത്തിയ ഇഹ്സാനുൽ ഹഖിനെ കുറിച്ച് മന്ത്രി ആർ ബിന്ദുവിന്റെ കുറിപ്പ്. ഈ വർഷവും കുടുക്ക പൊട്ടിച്ച കാശുമായി ഇഹ്സാനുൽ ഹഖ് എത്തിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവർഷവും കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വി കെയർ ഫണ്ടിലേക്ക് സംഭാവനയുമായി ഇഹ്സാനുൽ എത്താറുണ്ടെന്നും മന്ത്രി കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരം കാര്യവട്ടം സ്വദേശി ശിഹാബുദ്ദീന്റെയും ബുഷ്‌റയുടെയും മകനാണ് ഇഹ്സാനുൽ. മൂന്നാം ക്ലാസുകാരനായ ഇഹ്‌സാൻ അഞ്ചു വയസ് ഉള്ളപ്പോഴാണ് ഈ ചാരിറ്റി പ്രവർത്തനത്തിലിറങ്ങുന്നത്.ഇഹ്‌സാന്റെ കുഞ്ഞു സമ്പാദ്യം സംഭാവനയായി നൽകിയത് സ്വീകരിച്ചു കൊണ്ടാണ് അഞ്ചു വർഷം മുമ്പ് മുഖ്യമന്ത്രി ‘വി കെയറി’നായുള്ള ഫണ്ട് സമാഹരണത്തിനു തുടക്കമിട്ടത്.
വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, ഫൗണ്ടേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, എന്നിവയില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിക്ഷേപസമാഹരണം നടത്തുകയും ഇത്തരത്തില്‍ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് വി കെയറിലൂടെ ലക്ഷ്യമിടുന്നത്. ഒട്ടേറെപ്പേർക്ക് ചികിത്സാധന സഹായം ആവശ്യമുണ്ടെന്നതിനാലാണ് ഇഹ്‌സാനും വി കെയർ പദ്ധതിക്കായി പണം സമാഹരിച്ചു തുടങ്ങിയത്.
ബന്ധുക്കളും അച്ഛന്റെ സുഹൃത്തുക്കളും മറ്റും നൽകുന്ന തുക കൂട്ടിവച്ചാണ് ഇഹ്‌സാൻ ചാരിറ്റി ബോക്സ് ഉണ്ടാക്കുന്നതെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു.