Friday, April 18, 2025
National

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ. രത്‌ലം ജില്ലയിൽ നിയമിതയായ പൊലീസ് കോൺസ്റ്റബിൾ ദീപിക കോത്താരിയാണ് ലിംഗമാറ്റത്തിന് അനുമതി തേടി സർക്കാരിനെ സമീപിച്ചത്. സംസ്ഥാനത്ത് ലിംഗമാറ്റത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയാണ് ദീപിക കോത്താരി.

കഴിഞ്ഞ വർഷമാണ് ലിംഗമാറ്റത്തിന് അനുമതി തേടി ദീപിക അപേക്ഷ നൽകിയത്. ശസ്ത്രക്രിയയ്ക്ക് അനുമതി നൽകി കൊണ്ട് തിങ്കളാഴ്ച സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കോത്താരിക്ക് ‘ജൻഡർ ഐഡന്റിറ്റി ഡിസോഡർ’ ഉണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലിംഗമാറ്റത്തിന് അനുമതി നൽകിയതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

സർക്കാർ ജീവനക്കാർക്ക് ലിംഗമാറ്റം അനുവദിക്കുന്നതിന് നിലവിൽ വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും ഉത്തരവിൽ പറയുന്നു. നിയമ വകുപ്പിന്റെ അഭിപ്രായം തേടിയും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നും ആഭ്യന്തര വകുപ്പ് കൂട്ടിച്ചേർത്തു. അതേസമയം ലിംഗമാറ്റത്തിന് ശേഷം കോൺസ്റ്റബിളിന് വനിതാ ജീവനക്കാർക്ക് മാത്രമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു.

ഇതോടെ ലിംഗമാറ്റ നടപടിക്രമത്തിന് അംഗീകാരം ലഭിക്കുന്ന മധ്യപ്രദേശിലെ രണ്ടാമത്തെ വനിതാ കോൺസ്റ്റബിളായി കോത്താരി മാറി. 2021-ൽ മറ്റൊരു വനിതാ കോൺസ്റ്റബിളായ ആർതി യാദവിന് സമാനമായ അനുമതി ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *