വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി; പിന്നാലെ ഭർത്താവ് ഉപേക്ഷിച്ചെന്ന പരാതിയുമായി ട്രാൻസ് വുമൺ
വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിനു പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്ന പരാതിയുമായി ട്രാൻസ് വുമൺ. 22 വയസുള്ള ട്രാൻസ് വുമൺ ആണ് ഭർത്താവിനെതിരെ പരാതിനൽകിയത്. വിവാഹിതരായി കുറച്ചുകാലം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചതിനു ശേഷം തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പരാതി. യുവാവിനും അച്ഛനും അമ്മാവനുമെതിരെ പരാതിയിൽ ആരോപണങ്ങളുണ്ട്.
ഉത്തർ പ്രദേശിലെ കൗഷംബി ജില്ലയിലാണ് സംഭവം. 2016ലാണ് ഇവർ മറ്റൊരു പുരുഷനുമായി പ്രണയത്തിലാവുന്നത്. വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ സുഹൃത്ത് നിർബന്ധിച്ചിരുന്നു എന്ന് ഇവർ പരാതിയിൽ പറയുന്നു. പിന്നീട് ഒരു ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. രണ്ട് വർഷം മുൻപായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതോടെ ഭർത്താവ് തന്നെ ഇടക്കിടെ ഉപദ്രവിക്കുമായിരുന്നു എന്ന് ഇവർ പറയുന്നു. തൻ്റെ പണം തട്ടിയെടുത്തു. ജാതീയമായി അധിക്ഷേപിച്ചു. ഏതാണ്ട് 2-3 മാസങ്ങൾക്കു മുൻപ് ഭർത്താവ് തന്നെ ഉപേക്ഷിച്ചു. ഇപ്പോൾ കോളുകൾ പോലും എടുക്കുന്നില്ല. ഭർത്താവിൻ്റെ അച്ഛനും അമ്മാവനും തന്നെ ഭീഷണിപ്പെടുത്തി. 8 ലക്ഷം രൂപ മുടക്കിയാണ് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. അവർ തന്നിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തു എന്നും പരാതിയിൽ പറയുന്നു.
ഇവർ ട്രാൻസ്ജെൻഡർ ആണെന്നാണ് യുവാവിൻ്റെ വീട്ടുകാർ പറയുന്നു. ഇവർ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ല എന്നും വീട്ടുകാർ പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.