‘നീരവ് എന്നാല്‍ ശാന്തം; അധീര്‍ രഞ്ജന്‍ പറഞ്ഞതിതാണ്’; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഖാര്‍ഗെ
ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നീരവ് എന്നാല്‍ ഹിന്ദിയില്‍ ശാന്തം എന്നാണ് അര്‍ത്ഥമെന്നും ഇതാണ് അധീര്‍ രഞ്ജന്‍ പറഞ്ഞതെന്നും ഖാര്‍ഗെ വാദിച്ചു.
വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കെതിരായി സംസാരിച്ച അധീര്‍ രഞ്ജന്‍ നീരവ് മോദിയെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. മോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരായ പരാമര്‍ശങ്ങളില്‍, തുടര്‍ച്ചയായി മോശം പെരുമാറ്റം കാഴ്ച വയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി മറുപടി പറയവേ ആയിരുന്നു സംഭവം.
ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി അധീര്‍ രഞ്ജന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനോട് ഖാര്‍ഗെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സഭാ കക്ഷിനേതാവെന്ന നിലയില്‍ അദ്ദേഹം ഭാഗമാകുന്ന നിരവധി പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ മറുപടി പറഞ്ഞ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്രമന്ത്രിമാര്‍ക്കെതിരെയും ഇന്നലെ അധീര്‍ രഞ്ജന്‍ ചൗധരി ആഞ്ഞടിച്ചു. രാജാവ് അന്ധനാണെന്നും ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടെന്നും മണിപ്പൂര്‍ വിഷയത്തെ താരതമ്യപ്പെടുത്തിക്കൊണ്ട് അധീര്‍ രഞ്ജന്‍ പറഞ്ഞു. മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്യുന്നതായി അറിയിച്ചത്.