Saturday, January 4, 2025
Health

അടുക്കളയില്‍ പഴയീച്ച ശല്യമോ? ഇതൊഴിവാക്കാൻ വഴിയുണ്ടേ…

അടുക്കളയില്‍ എപ്പോഴും ചെറുപ്രാണികളെ കാണുന്നത് നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് ഇവ ഭക്ഷണത്തില്‍ വീഴാനോ അല്ലെങ്കില്‍ രോഗങ്ങള്‍ക്ക് കാരണമാവുകയോ എല്ലാം ചെയ്യാം. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അടുക്കളയില്‍ പ്രാണിശല്യമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പരിഹരിക്കേണ്ടി വരാം.

എന്നാലിതിന് എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ല. പല പൊടിക്കൈകളും പയറ്റിനോക്കി പരാജയപ്പെട്ടിട്ടുള്ളവരും ഏറെയാണ്. പഴയീച്ചകളാണെങ്കില്‍ വളരെ എളുപ്പത്തില്‍ തന്നെ പെറ്റുപെരുകുന്നവയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വീട് മുഴുവൻ ഇവ വ്യാപിക്കാം. എന്തായാലും ആദ്യം പഴയീച്ച ശല്യം ഒഴിവാക്കാനായി അടുക്കളയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്. ഇതിന് ശേഷം പഴയീച്ച ശല്യമകറ്റാൻ ചെയ്യാവുന്ന പൊടിക്കൈയും അറിയാം.

പഴയീച്ച വരാതിരിക്കാൻ..

പഴയീച്ച ശല്യമൊഴിവാക്കാൻ ആദ്യം അടുക്കളയുടെ ശുചിത്വം ഉറപ്പുവരുത്തണം. അടുക്കളയില്‍ ഭക്ഷണസാധനങ്ങളോ ഭക്ഷണാവശിഷ്ടങ്ങളോ തുറന്നിടരുത്. അതുപോലെ കഴിയുന്നതും വേസ്റ്റ് അപ്പപ്പോള്‍ കളയണം. കേടായ പച്ചക്കറികളോ പഴങ്ങളോ മറ്റ് ഭക്ഷണസാധനങ്ങളോ അടുക്കളയില്‍ സൂക്ഷിച്ച് വയ്ക്കാതിരിക്കുക. ഇവയെല്ലാം സമയബന്ധിതമായി ഒഴിവാക്കുക.

അടുക്കളയിലെ കൗണ്ടര്‍ടോപ്പ്, തറ, മൂലകള്‍ എന്നിവയെല്ലാം വൃത്തിയായിരിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും അടുക്കള നല്ലതുപോലെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

പാത്രങ്ങള്‍ ഭക്ഷണാവശിഷ്ടങ്ങളോടെ കഴുകാനായി ഇട്ടുവയ്ക്കുന്ന ശീലവും പഴയീച്ച ശല്യത്തിന് കാരണമാകും. അടുക്കളയില്‍ എപ്പോഴും നനവിരിക്കുന്നതും നല്ലതല്ല. വെളിച്ചവും ചൂടുമെല്ലാം എത്തുന്ന രീതിയിലാണ് അടുക്കള ഉണ്ടാകേണ്ടത്. ഇക്കാര്യവും നിര്‍ബന്ധമായും ശ്രദ്ധിക്കുക.

പഴയീച്ചയെ ഒഴിവാക്കാൻ പൊടിക്കൈ…

പഴയീച്ചയെ ഒഴിവാക്കാൻ പരീക്ഷിക്കാവുന്ന പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്. വളരെ ലളിതമായി നിങ്ങള്‍ക്ക് വീട്ടില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണിത്. എളുപ്പത്തില്‍ ലഭ്യമായിട്ടുള്ള സാധനങ്ങള്‍ മാത്രം മതി, ഇത് തയ്യാറാക്കാൻ.

പഴങ്ങളുടെയോ പച്ചക്കറികളുടെയോ തൊലി, ആപ്പിള്‍ സൈഡര്‍ വിനിഗര്‍/ സാധാരണ വിനിഗര്‍, ഡിഷ്‍വാഷിംഗ് ലിക്വിഡ് എന്നിവയാണ് ആകെ ഇതിന് ആവശ്യമായി വരുന്നത്. ഇനി നിങ്ങള്‍ ചെയ്യേണ്ടത് ഒരു ഗ്ലാസിന്‍റെ ജാറിലേക്ക് അല്‍പം വിനാഗിരി ഒഴിക്കണം. ഇതിലേക്ക് പച്ചക്കറികളുടെയോ പഴങ്ങളുടെയോ തൊലി ചേര്‍ക്കുക. ഇതിലേക്ക് മൂന്നോ നാലോ തുള്ളി ഡിഷ്‍വാഷിംഗ് ലിക്വിഡ് ചേര്‍ക്കണം.

ഇനി ഗ്ലാസ് ജാറിന്‍റെ തുറന്ന ഭാഗം പ്ലാസ്റ്റിക് റാപ്പ് വച്ച് മൂടിക്കെട്ടണം. റബര്‍ ബാൻഡ് വച്ചോ മറ്റോ പ്ലാസ്റ്റിക് റാപ്പ് നല്ലതുപോലെ മൂടണം. ഇതിന് മുകളിലായി, അതായത് പ്ലാസ്റ്റിക് റാപ്പിന്‍റെ മുകളിലായി ചെറിയ സുഷിരങ്ങളിടണം. ഇനി, ഈ ജാര്‍ അടുക്കളയില്‍ ഒരു മൂലയില്‍ വയ്ക്കാം. ഇത് പഴയീച്ച ശല്യമകറ്റാൻ സഹായിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ആദ്യമേ സൂചിപ്പിച്ചത് പോലെ ഭക്ഷണമോ ഭക്ഷണാവശിഷ്ടങ്ങളോ തുറന്നിടുന്നതും അടുക്കള വൃത്തിയാക്കാതിരിക്കുന്നതുമെല്ലാം പഴയീച്ചകളെ ആകര്‍ഷിക്കും. അങ്ങനെ വരുമ്പോള്‍ ഈ പൊടിക്കൈ ഫലം കാണാതെ പോകാം. അതിനാല്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണേ

Leave a Reply

Your email address will not be published. Required fields are marked *