Friday, January 10, 2025
National

ഒരു സമ്മേളന കാലയളവിന്‍റെ ഇടവേളയ്ക്ക് ശേഷം…; പാര്‍ലമെന്‍റിനെ ത്രസിപ്പിച്ച് രാഹുലിന്‍റെ രണ്ടാം വരവ്, സ്വീകരണം

ദില്ലി : 134 ദിവസത്തെ ഇടവേളകൾക്ക് ശേഷം, എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന് പിന്നാലെ പ്രതിപക്ഷത്തെയാകെ ആവേശത്തിലാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ. ഗാന്ധി പ്രതിമയെ വണങ്ങിയതിന് ശേഷമാണ് അദ്ദേഹം പാർലമെ്നറിനുള്ളിലേക്ക് കടന്നത്. ഇന്ത്യാ… ഇന്ത്യാ മുദ്രാവാക്യത്താൽ മുഖരിതമായ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ അകമ്പടിയോടെയാണ് രാഹുലെത്തിയത്. പ്രതിപക്ഷത്തെ എംപിമാർ പാർലമെന്റിന് മുന്നിൽ രാഹുലിനെ സ്വീകരിച്ചു.

പാർലമെന്റിലേക്കുള്ള രാഹുലിന്റെ രണ്ടാം വരവ് ഇന്ത്യാ മുന്നണിയെയും പ്രതിപക്ഷത്തെയാകെയും വലിയ ആവേശത്തിലേക്കാണെത്തിച്ചതെന്ന വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പാർലമെന്റിന് മുന്നിലുണ്ടായത്. മണിപ്പൂർ വിഷയം സഭയിൽ ശക്തമായി ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് രാഹുലിന്റെ തിരിച്ച് വരവ് വലിയ ഊർജം നൽകുമെന്നതിൽ സംശയമില്ല. കലാപ കലുഷിതമായ മണിപ്പൂരിലേക്ക് ആദ്യമെത്തിയത് രാഹുലായിരുന്നു. കേന്ദ്രത്തിന്റെയും ബിജെപിയുടേയും സംസ്ഥാന സർക്കാരിന്റെയും എതിർപ്പുകൾക്കിടെയായിരുന്നു ആ സന്ദർശനം. മണിപ്പൂർ വിഷയം കൂടുതൽ ആധികാരികമായി രാഹുലിന് സഭയിൽ ഉയർത്താൻ കഴിഞ്ഞേക്കും.

സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്. അപകീർത്തി കേസിൽ സുപ്രീം കോടതി വിധി വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും എംപി സ്ഥാനം പുനസ്ഥാപിക്കാൻ ലോക്സഭാ സ്പീക്കർ തയ്യാറായിരുന്നില്ല. സ്പീക്കറുടെ ഒഴിഞ്ഞ് മാറ്റത്തിനെതിരെ കോൺഗ്രസ് പ്രതിഷേധത്തിനും നിയമനടപടികളിലേക്കും നീങ്ങാനിരിക്കെയാണ് എംപി സ്ഥാനം പുനഃസ്ഥാപിച്ച് വിജ്ഞാപനം ലോക്സഭ പുറത്തിറക്കിയത്. ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനാൽ രാഹുലിന് മണിപ്പൂർ വിഷയത്തിലും കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയിലും പങ്കെടുക്കാൻ കഴിയും. ഇത് കോൺഗ്രസിനും ഇന്ത്യസഖ്യത്തിനും വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. പ്രതിപക്ഷ നിരയിലെ തന്റെ സീറ്റിലേക്ക് രാഹുലെത്തിയതോടെ ഇനി ആവേശവും ഊർജവും ഇനി കൂടും.

Leave a Reply

Your email address will not be published. Required fields are marked *