”മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കും” സാമ്പത്തിക സഹായം നൽകും; കണ്ണൂർ സർവകലാശാല
മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല. ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്ക് സൂപ്പർ ന്യൂമറിയായി പ്രവേശനം നൽകും. സാമ്പത്തിക സഹായവും നൽകാനും സർവകലാശാല സിന്ഡിക്കേറ്റ് പ്രമേയം പാസ്സാക്കി. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും നൽകാൻ തീരുമാനമായി.
മണിപ്പൂരിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യവും സാമ്പത്തിക സഹായവും നൽകുമെന്നും വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് സഹായവുമായെത്തുന്നത്. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒന്നുമില്ലാതെ തന്നെ കണ്ണൂരിലെത്തി പഠിക്കാം.
സർട്ടിഫിക്കറ്റുകളെല്ലാം കോഴ്സ് പൂർത്തിയാകുന്നതിന് മുൻപ് ഹാജരാക്കിയാൽ മതി. മണിപ്പൂരിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കായി സർവകലാശാല ക്യാമ്പസുകളിൽ സൂപ്പർ ന്യൂമറിയായി അധിക സീറ്റുകൾ ഒരുക്കുമെന്ന് വൈസ് ചാൻസിലർ ഡോ.ഗോപിനാഫ് രവീന്ദ്രൻ പറഞ്ഞു.
കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. മനുഷ്യത്വപരവും മതനിരപേക്ഷവുമായ നിലപാട് ഉയർത്തിപ്പിടിക്കുകയാണ് സർവകലാശാലയെന്ന് സിൻഡിക്കേറ്റ് അംഗം എൻ സുകന്യ പറഞ്ഞു.
മണിപ്പൂർ കലാപത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പഠനം മുടങ്ങിയത്. സഹായം അഭ്യർത്ഥിച്ച് ട്രൈബൽ വിദ്യാർത്ഥി യൂണിയനുകൾ അയച്ച കത്ത് പരിഗണിച്ചാണ് അവരെ ചേർത്ത് പിടിക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ തീരുമാനം.