ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചത് കൊണ്ടാവാം യുഡിഎഫ് പ്രശ്നം കോംപ്രമൈസ് ചെയ്തത്; കെ സുരേന്ദ്രൻ
കാക്ക ചത്താൽ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന യുഡിഎഫ് ഗണപതി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തയ്യാറാകുന്നില്ലെന്ന പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചത് കൊണ്ടാവാം യുഡിഎഫ് പ്രശ്നം കോംപ്രമൈസ് ചെയ്തത്. എൽഡിഎഫുമായി ഒത്തുതീർപ്പ് ഉണ്ടാക്കി കൊണ്ടാണ് യുഡിഎഫ് ഈ വിഷയത്തിൽ മുന്നോട്ടുപോയത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് യുഡിഎഫ് ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ഗണപതിക്ക് പകരം മറ്റൊരു ദൈവം ആയിരുന്നെങ്കിൽ യുഡിഎഫ് ഇതേ നിലപാട് സ്വീകരിക്കുമായിരുന്നോ?. ഇക്കാര്യത്തിൽ നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. പത്താം തീയതി ബിജെപിയുടെ പ്രതിഷേധം നിയമ സഭയുടെ മുന്നിൽ നടത്തും. ഷംസീർ സഭയ്ക്ക് പുറത്ത് മാപ്പ് പറയും വരെ പ്രതിഷേധം തുടരാൻ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിൽ മിത്ത് വിവാദം കത്തിക്കേണ്ടെതില്ലെന്ന തീരുമാനമാണ് യുഡിഎഫ് കൈക്കൊണ്ടത്. മിത്ത് വിവാദത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എൻഎസ്എസ് നിലപാട് പക്വമാണെന്ന് യുഡിഎഫ് വിലയിരുത്തി. വർഗീയ ശക്തികൾക്ക് കേരളത്തിൽ അവസരം കൊടുക്കരുതെന്നും യുഡിഎഫ് യോഗത്തിൽ പരാമർശിച്ചു. പ്രധാനപ്പെട്ട വിഷയങ്ങളിൽ അടക്കം മുഖ്യമന്ത്രി പുലർത്തുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കാനും യുഡിഎഫിൽ തീരുമാനമായി.
വിഷയം നിയമസഭയിൽ പരാമർശിക്കാമെന്നും അതിനപ്പുറം വലിയ നിലയിൽ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ് എത്തിച്ചേർന്നത്. സ്പീക്കർക്കെതിരെ അടിയന്തര പ്രമേയം നോട്ടീസ് കൊണ്ട് വരാൻ പറ്റില്ലെന്നത് പരിമിതിയാണ്. അതിനാൽ സ്പീക്കർ തിരുത്തണമെന്ന നിലപാട് മാത്രം സഭയിൽ ആവർത്തിക്കാൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായി.
ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് കൊണ്ടാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.