തർക്കഭൂമിയിൽ പശുവിനെ വളർത്തി, യുപിയിൽ 70 കാരനെ അടിച്ചുകൊന്നു
ഉത്തർപ്രദേശിൽ ഭൂമി തർക്കത്തിന്റെ പേരിൽ എഴുപതുകാരനെ തല്ലിക്കൊന്നു. തർക്കഭൂമിയിൽ പശുക്കളെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്ഷീരകർഷകന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ആക്രമണത്തിൽ ഇയാളുടെ മകനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഒരു ബന്ധുവിനെതിരെ കേസെടുത്തു.
കുരേഭർ മേഖലയിലെ സധോഭാരി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. മഗ്ഗു റാം(70) ആണ് മരിച്ചത്. തർക്കഭൂമിയിൽ പശുവിനെ വളർത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഞായറാഴ്ച തർക്കം രൂക്ഷമായതോടെ ചിലർ വടികൊണ്ട് റാമിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ വിജയ്ക്ക് മർദനമേറ്റത്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മഗ്ഗു റാം കൊല്ലപ്പെടുകയായിരുന്നു. മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. റാമിന്റെ അനന്തരവൻ മണിക് ലാലിനെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. കേസിൽ ഒരു അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായതായി എസ്എച്ച്ഒ കുരേഭർ, പ്രവീൺ കുമാർ യാദവ് പറഞ്ഞു.