Friday, January 24, 2025
Kerala

മിത്ത് വിവാദം; സ്പീക്കർ പരാമർശം പിൻവലിക്കും വരെ സമരമെന്ന് എൻഎസ്എസ്, യോഗത്തിൽ കെ ബി ഗണേശ് കുമാറും പങ്കെടുക്കും

തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് പെരുന്നയിൽ ചേരും. സ്പീക്കർ വിവാദ പരാമർശം പിൻവലിക്കും വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. ഡയറക്ടർ ബോർഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ കെ ബി ഗണേഷ് കുമാർ എംഎൽഎയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. വിഷയത്തിൽ ഗണേഷ് കുമാർ എടുക്കുന്ന നിലപാട് എന്താകും എന്നതും പ്രധാനമാണ്.

അതേസമയം, മിത്ത് വിവാദം ശക്തമായിരിക്കെ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. 23 വരെ നീളുന്ന സഭാ സമ്മേളനത്തിൽ ഒരു പാട് വിവാദ വിഷയങ്ങൾ ചർച്ചയാകും. സ്പീക്കർക്ക് എതിരെ സ്വീകരിക്കേണ്ട നിലപാട് യുഡിഎഫ് നാളെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും. സ്പീക്കറുടെ മിത്ത് പരാമർശം എന്‍എസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്. സ്പീക്കർ തിരുത്തണമെന്ന ആവശ്യം യുഡിഎഫ് ഉന്നയിക്കുന്നതിനിടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. നാളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി അംഗമല്ലാത്ത സഭ സമ്മേളിക്കുന്നത്. ഈ സഭ സമ്മേളനത്തില്‍ നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഉയർന്ന് വരാനുണ്ട്. മിത്ത് വിവാദമാണ് പ്രധാന വിഷയം. എന്നാല്‍ ഇത് സജീവമാക്കി സഭയില്‍ ഉയർത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഎഫ് എടുത്തിട്ടില്ല. സ്പീക്കരെ പിന്തുണക്കാൻ ആണ് ഭരണ പക്ഷ നിലപാട്.

മിത്ത് വിവാദത്തില്‍ ഈ മാസം 10 ന് സഭക്ക് മുന്നിൽ നാമജപ യാത്ര ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യ നയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സമ്മേളനത്തില്‍ ചർച്ചയാകും. ഉന്നത വിജയം നേടിയിട്ടും മലബാറിലെ വിദ്യാർത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതിരുന്നതും, മുതലപ്പൊഴിയിലെ നിരന്തരമായി അപകടവും എല്ലാം പ്രതിപക്ഷം ഉയർത്തും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ബില്‍, അബ്കാരി ഭേദഗതി ബില്‍ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *