Saturday, October 19, 2024
Kerala

ആലുവയിലെ കൊലപാതകം സാംസ്‌കാരിക കേരളത്തിന് അപമാനം’; അഞ്ചുവയസുകാരിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് എ എന്‍ ഷംസീര്‍

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കളെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സന്ദര്‍ശിച്ചു. അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിയെ പുറത്തുവിടാതെ വിചാരണ തടവുകാരനായി ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

പിഞ്ചുകുഞ്ഞിന് നേരെ നടന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് സ്പീക്കര്‍ ആലുവയില്‍ പറഞ്ഞു. ഇത് സാക്ഷര കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല. പ്രതിയ്ക്ക് പരാമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആവശ്യം. ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുകയും അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും സ്പീക്കര്‍ ഉറപ്പുനല്‍കി. കുട്ടിയുടെ വീട്ടുകാരെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രതികരണം.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന കുടുംബത്തിന്റെ സംശയത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് പ്രതി സമാന കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ പരിശോധനക്കാണ് പൊലീസ് നീങ്ങുന്നത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അടക്കം 9 കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെയുളളത്.

Leave a Reply

Your email address will not be published.