Saturday, October 19, 2024
Kerala

സർക്കാരിന്റെ മദ്യനയം സംസ്ഥാനത്തെ വലിയ ദുരന്തത്തിലേക്ക് എത്തിക്കും; കോൺഗ്രസ് ലക്ഷ്യം മദ്യവിമുക്ത കേരളം’ : വി.എം സുധീരൻ

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആധിക്യം വലിയ ദുരന്തത്തിലേക്കാണ് സംസ്ഥാനത്തെ എത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വ്യാപിക്കുന്നു. റോഡപകടങ്ങൾ വർധിക്കുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിയാതെ സർക്കാർ മുന്നോട്ടു പോവുകയാണ്. സംസ്ഥാന സർക്കാർ മദ്യ വ്യാപനത്തിനാണ് മുൻതൂക്കം നൽകുന്നത്. മദ്യനയത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും വി.എം സുധീരൻ പറഞ്ഞു.

ഇടത് മുന്നണി പ്രകടന പത്രികയിൽ പറഞ്ഞതിന് വിരുദ്ധമാണ് ഇപ്പോൾ അവർ ചെയ്യുന്നത്. തലമുറകളുടെ നാശത്തിനാണ് സർക്കാർ തീരുമാനം വഴിവയ്ക്കുക. മദ്യവിമുക്ത കേരളമാണ് കോൺഗ്രസ് ലക്ഷ്യം. സമ്പൂർണ മദ്യനിരോധനം വേണം. വ്യാപനം നിയന്ത്രിക്കാൻ നടപടി വേണമെന്നും വി.എം സുധീരൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ എതിർപ്പുമായി സിപിഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും രംഗത്തെത്തിയിട്ടുണ്ട്. പുതിയ മദ്യയനം കള്ളുവ്യവസായത്തെ തകർക്കുമെന്നാണ് ആരോപണം. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്നാണ് എഐടിയുസി നിലപാട്. രജിസ്ട്രേഡ് തൊഴിലാളികൾക്കാണ് കള്ളുചെത്താനുള്ള അവകാശം. ബാഹ്യ ഏജൻസികൾക്ക് അനുമതി നൽകിയാൽ അരാജകത്വമായിരിക്കും ഫലം. ടോഡി ബോർഡ് രൂപീകരണത്തെക്കുറിച്ച് മദ്യനയം മൗനം പാലിക്കുകയാണെന്നും എഐടിയുസി ആരോപിച്ചു. ടോഡി ബോർഡ് ഉടൻ രൂപീകരിക്കുമെന്നു മറുപടി നൽകിയ മന്ത്രി എം.ബി.രാജേഷ്, മദ്യനയം ചെത്തുതൊഴിലാളികളെ ബാധിക്കില്ലെന്നും വ്യക്തമാക്കി. എഐടിയുസിക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും കള്ളുഷാപ്പുകൾ ആധുനിക കാലത്തിന്റെ രീതിയിൽ പ്രവർത്തിക്കണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

ജനങ്ങൾ എവിടെയെങ്കിലും പോയി നശിക്കട്ടെ എന്ന നിലപാടാണ് സർക്കാരിനെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കുറ്റപ്പെടുത്തൽ. മദ്യനയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കെസിബിസി മദ്യ വിരുദ്ധസമിതി. പുതിയ മദ്യനയം ശുദ്ധ തട്ടിപ്പ് ആണെന്നും ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും കെസിബിസി മദ്യ വിരുദ്ധസമിതി വക്താവ് ചാർലി പോൾ പറഞ്ഞു.

Leave a Reply

Your email address will not be published.