മണിപ്പുരിൽ യുവതിക്ക് നേരെ സൈനികന്റെ ലൈംഗികാതിക്രമം; പിന്നാലെ സസ്പെന്ഷന്
കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരില്‍ സ്ത്രീയ്ക്ക് നേരെ സൈനികന്റെ പരസ്യ ലൈംഗികാതിക്രമം. യുവതിയെ സൈനികന് കയറി പിടിക്കുന്നതിന്റെയും മോശമായി പെരുമാറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വംശീയ കലാപം നിയന്ത്രിക്കാനായി വിന്യസിച്ച സൈനിക ഉദ്യോഗസ്ഥനാണ് ഇത്തരത്തില്‍ മോശമായി പെരുമാറിയത്.
ഇംഫാലിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. ബോര്‍ഡര്‍ സുരക്ഷ സൈനികനാണ് സ്ത്രീയ്ക്ക് നേരെ അതിക്രമം കാട്ടിയത്. ഇംഫാല്‍ പടിഞ്ഞാറന്‍ ജില്ലയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ 20നാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്‍കിയിരുന്നു.സംഭവത്തില്‍ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് പ്രസാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
സൈനിക വിഭാഗം അന്വേഷണം നടത്തിയാണ് സതീഷിനെതിരെ നടപടിയെടുത്തത്. ഹെഡ് കോണ്‍സ്റ്റബിളിനെതിരെ കോര്‍ട്ട് ഓഫ് എന്‍ക്വയറി നടപടികള്‍ ആരംഭിച്ചതായും ന്യായമായ അന്വേഷണം നടത്തുമെന്നും ബിഎസ്എഫ് അറിയിച്ചു.