മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം; യുവതികളിൽ ഒരാൾ കാർഗിൽ സൈനികന്റെ ഭാര്യ
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഇരയായ യുവതികളിൽ ഒരാൾ കാർഗിൽ സൈനികന്റെ ഭാര്യ. പരാതി നൽകിയപ്പോൾ പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്ന് സൈനികൻ ആരോപിച്ചു.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത നൽകിയത്.കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പൊരുതിയ സൈനികന്റെ ഭാര്യയാണ് അപമാനിക്കപ്പെട്ടത്.
”തുറസായ സ്ഥലത്ത് ജനക്കൂട്ടത്തിനിടയിൽ ആയിരക്കണക്കിന് പുരുഷന്മാർക്ക് മുന്നിൽ തോക്കിന് മുനയിൽ ഞങ്ങൾ രണ്ട് സ്ത്രീകളെയും വിവസ്ത്രരാക്കി. വസ്ത്രം അഴിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അവർ ഞങ്ങളെ നൃത്തം ചെയ്തു, ഞങ്ങളെ ആട്ടിയോടിച്ചു, പരേഡ് ചെയ്തു. അവരെല്ലാം കാട്ടുമൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്”- സൈനികന്റെ 42കാരിയായ ഭാര്യ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.
‘അവൾ ഒരു വിഷാദാവസ്ഥയിലേക്ക് പോയി, പക്ഷേ പരിപാലിക്കാൻ ഞങ്ങളുടെ കുട്ടികളുണ്ട് .അവൾ സാധാരണ നിലയിലേക്ക് വരാൻ പാടുപെടുകയാണ്’- സൈനികൻ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.
സംഭവത്തിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. മറ്റ് പ്രതികളെ കൂടി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങള്‍ രംഗത്തെത്തി.
സംഘർഷ സാധ്യത കണക്കിലെടുത്ത് സായുധസേനകൾക്കും പൊലീസിനും കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഘർഷത്തെക്കുറിച്ച് അമിത് ഷാ പാർലമെന്റിൽ മറുപടി നൽകും.