Friday, January 10, 2025
Kerala

പാര്‍ട്ടിയിലെ ഉന്നമനത്തിന് കാണേണ്ട പോലെ കാണണം’; ആലപ്പുഴ സിപിഐഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി

ആലപ്പുഴ സിപിഐഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി ഉയരുന്നു. ആലപ്പുഴ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി മെമ്പറായ യുവതിയാണ് പരാതി നല്‍കിയത്. പാര്‍ട്ടിയില്‍ ഉന്നമനത്തിനായി കാണേണ്ട പോലെ കാണണമെന്നും മോശയമായി പെരുമാറിയതായും പരാതി.

പരാതി പറഞ്ഞതിന് ചില നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ആലപ്പുഴ നോര്‍ത്ത് ഏരിയ സെക്രട്ടറിക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ടതായി പരാതിക്കാരി പറയുന്നു.

കഴിഞ്ഞ ശനിയാഴ്ച വീണ്ടും പരാതിയുമായി യുവതി ആലപ്പുഴയിലെ ജില്ല കമ്മിറ്റിയെ സമീപിച്ചു. എന്നാല്‍ ഏരിയ സെക്രട്ടറി പരാതിയുമായി മുന്നോട്ട് പോകരുതെന്നും പ്രാദേശികമായി എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ പരിഹരിക്കാമെന്നായിരുന്നു മറുപടി ലഭിച്ചത്. പരാതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് പരാതിക്കാരിയായ തുമ്പോളി ലോക്കല്‍ കമ്മിറ്റിയഗം കൂടിയായ യുവതി പറയുന്നു.

എന്നാല്‍ പരാതിക്കാരിയ്‌ക്കെതിരെ ഒരു വിഭാഗം വിമര്‍ശനവുമായെത്തി. പരാതിയില്‍ കഴമ്പില്ലെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കായി നേതാവിനെ അധിക്ഷേപിക്കുന്നതിനായാണ് പരാതിയെന്നും ഒരു വിഭാഗം ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ പൊലീസിനെയും സംസ്ഥാന വനിതാ കമ്മീഷനെയും സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *