വീണ്ടും ക്രൂരത; മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്.
സ്ത്രീകൾ തന്നെയാണ് പെൺകുട്ടിയ പീഡനത്തിനായി വിട്ടുകൊടുത്തതെന്നാണ് റിപ്പോർട്ട്. പീഡനത്തിന് ശേഷം ജൂലൈ 21നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകുന്നത്. സീറോ എഫ്‌ഐആർ ആയിരുന്നു രജിസ്റ്റർ ചെയ്തത്. പെൺകുട്ടി നിലവിൽ നാഗാലാൻഡിൽ ചികിത്സയിലാണ്.
മണിപ്പൂരിൽ കലാപം തുടങ്ങിയ ശേഷം ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചിരുന്നു. ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ നിന്ന് രക്തമുറയുന്ന ക്രൂരകൃത്യങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്ന് തുടങ്ങിയത്.
മണിപ്പൂർ വിഷയത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരും ബജെപിയും നടത്തുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി ട്വന്റിഫോറിനോട് പറഞ്ഞു. നാളെ രാവിലെ പാർലമെന്റിലെത്തുന്നതിന് മുൻപ് മല്ലികാർജുൻ ഘാർഗെയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും തുടർ നടപടികൾ ചർച്ച ചെയ്യുമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമാണ് മണിപ്പൂരിലേതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ട്വന്റിഫോറിനോട്. ‘മനുഷ്യൻ അധപതിച്ചാൽ മൃഗമാകുമെന്ന് കേട്ടിട്ടുണ്ട്, പക്ഷേ മൃഗം അതപധിച്ചാൽ ബിജെപിയിലെ പല ഉന്നതന്മാരുടേയും പേര് എഴുതിവയ്ക്കാം. അത്രകണ്ട് മനുഷ്യത്വരഹിതമായ നടപടികളാണ് പ്രധാനമന്ത്രിയുടേയും മണിപ്പൂർ മുഖ്യമന്ത്രിയുടേയും ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നാൽ, മനുഷ്യന്റെ ജീവനും സ്വത്തിനുമുള്ള സംരക്ഷണം നഷ്ടപ്പെട്ടാൽ ആർട്ടിക്കിൾ 356 അനുസരിച്ച് ആ സർക്കാരിനെ പിരിച്ചുവിടാൻ അധികാരമുണ്ട്. എന്തുകൊണ്ട് പ്രധാനമന്ത്രി അത് ഉപയോഗിക്കുന്നില്ല ?’- രാജ്‌മോഹൻ ഉണ്ണിത്താൻ ചോദിച്ചു.