യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി മുകളിൽ മാവിൻ തൈ നട്ടു; ഭാര്യയുടെ കാമുകൻ പിടിയിൽ
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യാകാമുകൻ പിടിയിൽ. മൃതദേഹം 6 കഷ്ണങ്ങളാക്കി മുറിച്ച് വിവിധയിടങ്ങളിൽ കുഴിച്ചിടുകയായിരുന്നു. 33കാരനായ ജോഗേന്ദ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യാകാമുകൻ മദൻ ലാൽ അറസ്റ്റിലായി.
രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. മകനെ കാണാനില്ലെന്ന് കാട്ടി ഈ മാസം 13ന് ജോഗേന്ദ്രയുടെ പിതാവ് പൊലീസ് പരാതിനൽകിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ജൂലായ് 11ന് വീട്ടിൽ നിന്ന് പോയ ജോഗേന്ദ്ര പിന്നീട് വീട്ടിലേക്ക് വന്നില്ല എന്നായിരുന്നു പരാതി. മകനെ കാണാതായതിൽ മദൻലാലിന് പങ്കുണ്ടെന്ന് പിതാവിനു സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദൻ ലാൽ കുടുങ്ങുകയായിരുന്നു.
വനത്തിനു സമീപത്ത് നിന്നാണ് ജോഗേന്ദ്രയുടെ ഉടൽ കണ്ടെത്തിയത്. കൈകാലുകളും തലയും വീട്ടിൽ നിന്ന് നൂറ് മീറ്റർ അകലെയുള്ള പൂന്തോട്ടത്തിൽ നിന്ന് കണ്ടെടുത്തു. കുഴിച്ചുമൂടിയ സ്ഥലത്ത് പ്രതി മാവിൻതൈ നട്ടിരുന്നതായി പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ മദൻലാൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.