ഉമ്മൻ ചാണ്ടി മനുഷ്യസ്നേഹിയായ ഭരണാധികാരി, ജനസമ്പർക്ക പരിപാടിയിലൂടെ ആശ്വാസം ലഭിച്ചത് നിരവധി പേർക്ക്; അനുസ്മരിച്ച് എം.എ യൂസഫലി
ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയനായ രാഷ്ട്രീയ നേതാവ്, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട ഉമ്മൻ ചാണ്ടിയുടെ നിര്യാണം ഏറെ ദു:ഖമുണ്ടാക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അനുസ്മരിച്ചു.
പതിറ്റാണ്ടുകളായുള്ള സ്നേഹബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഞാൻ വെച്ച് പുലർത്തി പോന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ, നോർക്ക വൈസ് ചെയർമാൻ, സ്മാർട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നി നിലകളിൽ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
ജനകീയനും മനുഷ്യസ്നേഹിയുമായ ഒരു ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടി ഇതിനൊരു ഉദാഹരണമാണ്. തളരാതെ മണിക്കൂറുകളോളം പ്രവർത്തിച്ച് ദുരിതമനുഭവിക്കുന്ന അസംഖ്യം ആളുകൾക്കാണ് ഇതിലൂടെ അദ്ദേഹം ആശ്വാസം പകർന്നത്. ഐക്യരാഷ്ട്ര സഭ ആഗോളതലത്തിൽ പൊതുസേവനത്തിനു നൽകുന്ന പുരസ്കാരം 2013 ൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനു ലഭിച്ചത് ഈ ഒരു പരിപാടിക്കായിരുന്നു എന്നത് അഭിമാനാർഹമാണ്. ഭരണനേതൃത്വത്തിൽ ഇല്ലാത്തപ്പോഴും ജനക്ഷേമപരമായ അനേകം കാര്യങ്ങളാണ് അദ്ദേഹം ഏറ്റെടുത്ത് നടത്തിയത്.
ജനങ്ങൾക്ക് വേണ്ടി വിശ്രമമില്ലാതെ ജനങ്ങളോടൊപ്പം പ്രവർത്തിച്ച കേരളത്തിന്റെ ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.