മുംബൈ ഐഐടിയിൽ അഭിമാന നിമിഷം, ‘കേരളത്തിന്റെ പേര് ഒരിക്കൽ കൂടി രാജ്യശ്രദ്ധയിൽ’; സന്തോഷം പങ്കുവച്ച് മന്ത്രി
തൃശൂർ: മുംബൈ ഐ ഐ ടിയിൽ നടന്ന ദേശീയ റോബോട്ടിക്സ് മത്സരത്തിൽ അഭിമാന നേട്ടം സ്വന്തമാക്കിയ തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്ത്. യന്ത്ര റോബോട്ടിക്സ് ഔട്ട്റിച്ച് പ്രോഗ്രാമിൽ മികച്ച പത്ത് ഫൈനലിസ്റ്റുകളിലാണ് തൃശൂർ കോളേജ് ടീം ഇടം നേടിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കാഴ്ചപരിമിതരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ‘സെൻസോറിയം’ എന്ന നൂതന പ്രൊജക്ടിനാണ് അംഗീകാരമെന്നും വിവരിച്ച മന്ത്രി, തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ് ടീം തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച് കേരളത്തിന്റെ പേര് ഒരിക്കൽ കൂടി രാജ്യശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നതിൽ ഏവർക്കും സന്തോഷിക്കാമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.