ആദ്യം ഒരു കൊമ്പിന്റെ പകുതി മുറിച്ചു, ആനയെ കൊന്ന സംഘത്തിൽ 6 പേർ, റോയ് മുങ്ങിയത് ഗോവയിൽ; അഖിലിന്റെ മൊഴി
തൃശൂര്‍: തൃശ്ശൂർ വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. തൃശൂര്‍ വാഴക്കോട് കാട്ടാനയെക്കൊന്നത് വൈദ്യുതാഘാതമേല്‍പ്പിച്ചെന്ന് വ്യക്തമായതായി വനം വകുപ്പ്. ഇതിന് ഉപയോഗിച്ച കന്പികള്‍ കണ്ടെത്തി. മുഖ്യ പ്രതി റോയി ഉള്‍പ്പടെ ആറുപേര്‍ ചേര്‍ന്നാണ് ആനയെ മറവു ചെയ്തതെന്നും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചു. വാഴക്കോട് മണിയഞ്ചിറ റോയിയുടെ റബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് സമഗ്രാന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പന്നിക്ക് കെണിവച്ചതില്‍ ആന കുടുങ്ങിയോ, ആനയെ കൊന്നതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വനംവകുപ്പ് ആദ്യം ശ്രമിച്ചത്. കാട്ടാനയെ കൊന്നത് വൈദ്യുതി ഷോക്കടിപ്പിച്ചെന്നാണ് സൂചന. ഇതിന് ഉപയോഗിച്ച കമ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ജഡം കുഴിച്ചുമൂടാനെത്തുകയും ഒരു കൊമ്പിന്റെ പകുതി മുറിച്ചുകടത്തി വില്ക്കാന് ശ്രമിക്കുമ്പോള്‍ കോടനാട് വനംവകുപ്പ് അധികൃതര്‍ പിടികൂടിയ പട്ടിമറ്റം താമരച്ചാലില്‍ അഖിലിനെ ചോദ്യംചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായി അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് പേരുടെ പേരുവിവരങ്ങളും അഖില്‍ വെളിപ്പെടുത്തി.
പ്രതികള്‍ക്കായി വനംവകുപ്പ് തെരച്ചില്‍ തുടരുകയാണ്. അഖിലിന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ആറംഗ സംഘത്തില്‍ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖില്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.ആനയെ ഷോക്കടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പികളുടെ അവശിഷ്ടവും കൊമ്പ് മുറിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തിയും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തു. കഴിഞ്ഞ മാസം 14നാണ് ഷോക്കേറ്റ് ആന ചരിഞ്ഞത്. 15ന് ആനയെ കുഴിച്ചുമൂടിയെന്നും കാട്ടുപന്നിയെ പിടികൂടാന്‍ വച്ചതാണ് വൈദ്യുതിലൈന്‍ എന്നുമാണ് വനം വകുപ്പ് നല്കുന്ന വിവരം. റബര്‍ തോട്ടം ഉടമയായ റോയി വിളിച്ചിട്ടാണ് സംഘം സ്ഥലത്തെത്തിയത്. മുള്ളൂര്‍ക്കരയിലും കോടനാടുമുള്ള ഏതാനും പേര് ചേര്‍ന്നാണ് ആനയെ കുഴിച്ചിട്ടത്. സ്ഥലമുടമയേയും മറ്റുള്ളവരേയും പിടികൂടിയാലെ സംഭവത്തെ കുറിച്ചു വ്യക്തത ഉണ്ടാവുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ആനയുടെ കൊമ്പ് മുറിച്ചെടുത്തത് സ്ഥലമുടമ റോയിക്ക് അറിയില്ലായിരുന്നു എന്നാണ് അഖില്‍ പറയുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട ആനയുടെ ജഡം കണ്ടെത്തുന്നത്. ആനയുടെ ജഡത്തിന് രണ്ടര മാസത്തെ പഴക്കമാണ് തുടക്കത്തില്‍ സംശയിച്ചതെങ്കിലും 20 ദിവസത്തെ പഴക്കമേയുള്ളൂവെന്ന് പിന്നീട് കണ്ടെത്തി. ജഡം വേഗം അഴുകിപ്പോകാന്‍ എന്തെങ്കിലും രാസപദാര്‍ത്ഥം കലര്‍ത്തിയോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതും അന്വേഷണ സംഘം പരിശോധിക്കും.
അതേസമയം സ്ഥലമുടമ റോയ് ഗോവയിലേക്ക് കടന്നുവെന്ന വിവരത്തില്‍ അന്വേഷണ സംഘവും പിന്തുടരുന്നുണ്ട്. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് സംശയം ഉയര്‍ന്നിരുന്നു. പന്നിക്ക് വെച്ച കെണിയില്‍ കാട്ടന കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 15 വയസ് മാത്രം പ്രായമുള്ളതാണ് ആനയെന്നും വ്യക്തമായിട്ടുണ്ട്. ജൂണ്‍ 14നാണ് ആന ചരിഞ്ഞത്. ആനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കമ്പിയുടെ അവശിഷ്ടങ്ങള്‍ വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പന്നിയെ പിടിക്കാനാണ് ഇത്തരത്തില്‍ കെണി വച്ചതെന്നാണ് വനം വകുപ്പിന്റെ നിഗമനം. പെരുമ്പാവൂര്‍ കോടതി റിമാന്റ് ചെയ്ത പട്ടിമറ്റം അഖിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ മച്ചാട് റെയ്ഞ്ചര്‍ കോടതിയില്‍ അപേക്ഷ നല്‍കും. കുഴിയില്‍നിന്നു കണ്ടെടുത്തെ കൊമ്പുകള്‍ വനംവകുപ്പ് സൂക്ഷിക്കും.