Thursday, January 2, 2025
Kerala

അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി ചികിത്സ നൽകും; മന്ത്രി എ.കെ ശശീന്ദ്രൻ

അതിരപ്പിള്ളിയിൽ രക്ഷപ്പെട്ട ആനയുടെ അവസ്ഥയെ കുറിച്ച് റിപ്പോർട്ട്‌ തേടിയതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡനോട്‌ വിശദമായ റിപ്പോർട്ട്‌ അവശ്യപ്പെട്ടിട്ടുണ്ടെന്നും ആനയെ കണ്ടെത്തി അവസ്ഥ മനസിലാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി 24നോട്‌ പറഞ്ഞു. ആനയുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യും. ചികിത്സ അവശ്യമെങ്കിൽ അതും നൽകും. മലവെള്ള കുത്തൊഴുക്കിൽ നിന്നും ആന രക്ഷപ്പെട്ടത് അത്ഭുദകരമായാണെന്നും മന്ത്രി പറഞ്ഞു.

അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയ്ക്ക് സാരമായ പരിക്കേറ്റതായാണ് നിഗമനം. ആനയുടെ കരച്ചില്‍ ഇന്നലെ രാത്രി കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ കാട്ടില്‍ നിന്നാണ് കരച്ചില്‍ കേട്ടത്. ആനയെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രം​ഗത്തെത്തിയിരുന്നു.

ചാലക്കുടി പുഴയില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് കൊമ്പന്‍ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന. ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തിയിരുന്നു. പിന്നീട് വീണ്ടും പുഴയിലേക്ക് ഇറങ്ങുകയിരുന്നു. തുടര്‍ന്ന് വനത്തിനുള്ളില്‍ കയറിയെന്ന് വനവകുപ്പ് അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. ജനവാസമേഖലയിലെ എണ്ണപ്പന കഴിക്കാനെത്തിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *