കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു, 4 മാസത്തിനിടെ എട്ടാമത്തെ മരണം
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഒരു ആൺ ചീറ്റ കൂടി ചത്തു. ഇന്ന് പുലർച്ചെയാണ് ആഫ്രിക്കൻ ചീറ്റയായ സൂരജിനെ ചത്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥർ. നാല് മാസത്തിനിടെ പാർക്കിൽ ചത്ത എട്ടാമത്തെ ചീറ്റയാണിത്.
ചൊവ്വാഴ്ച മറ്റൊരു ആൺ ചീറ്റയായ തേജസിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഒരു പെൺചീറ്റയുമായി ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ “ട്രോമാറ്റിക് ഷോക്ക്” ആണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നാല് മാസങ്ങൾക്കുള്ളിൽ എട്ട് ചീറ്റകളാണ് പാർക്കിൽ ചത്തൊടുങ്ങിയത്.
മാർച്ച് 27 ന് സാഷ എന്ന പെൺ ചീറ്റ വൃക്കരോഗം ബാധിച്ചും, ഏപ്രിൽ 23 ഉദയ് എന്ന ആൺ ചീറ്റയും, മെയ് 9 ന് ഇണചേരൽ ശ്രമത്തിനിടെ ആൺ ചീറ്റയുടെ ആക്രമണത്തിൽ ദക്ഷ എന്ന പെൺ ചീറ്റയും മരണപ്പെട്ടിരുന്നു. കൂടാതെ മെയ് 25 ന് കാലാവസ്ഥയും നിർജ്ജലീകരണവും മൂലം രണ്ട് ചീറ്റക്കുട്ടികൾ കൂടി ചത്തിരുന്നു.