Thursday, January 23, 2025
Kerala

‘അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സിപിഎം ലീഗിന് പിന്നാലെ നടക്കുന്നത്’ വിഡി സതീശന്‍

എറണാകുളം: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇ.എം.എസ് ഒരു കാലത്തും ഏക സിവില്‍ കോഡിന് എതിരായിരുന്നില്ല. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഇ.എം.എസ് പറഞ്ഞിട്ടുള്ളത്. ഇ.എം.എസിന്‍റെ പുസ്തകത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അതിന് വേണ്ടി ഇന്ത്യ മുഴുവന്‍ പ്രക്ഷോഭം നടത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷനോട് ആവശ്യപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിയമസഭയിലും സിപിഎം അംഗങ്ങള്‍ ആവശ്യപ്പെട്ടതിന്‍റെ രേഖയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ നേതാവായിരുന്ന സുശീല ഗോപാലനും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

1987 ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ് ശരിഅത്ത് നിയമം മാറ്റണമെന്നും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടത്. ഇഎംഎസിന്‍റേയും സിപിഎം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. ഇഎംഎസ് തെറ്റായിരുന്നെന്ന് എം.വി ഗോവിന്ദനും സിപിഎമ്മും ഇപ്പോള്‍ പറയാന്‍ തയാറുണ്ടോ? സിപിഎമ്മിന്‍റെ നയരേഖയിലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖയെ തള്ളിപ്പറയാന്‍ സി.പി.എം തയാറാകുമോയെന്നും സതീശന്‍ ചോദിച്ചു

ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സി.പി.എം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സി.പി.എം ലീഗിന് പിന്നാലെ നടക്കുന്നത്. യു.ഡി.എഫ് സുശക്തമാണ്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സി.പി.എമ്മിന് നല്‍കാനുള്ളത്. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിനൊപ്പമാണ്. ഇപ്പോള്‍ അവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അപ്പോള്‍ പറയാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *