‘ജനിച്ച സ്ഥലത്ത് സുരക്ഷിതമായി ജീവിക്കണം, കടല്‍ഭിത്തി വേണം’; കണ്ണമാലിയില്‍ നാട്ടുകാരുടെ പ്രതിഷേധം
കടല്‍ഭിത്തി നിര്‍മാണം വൈകുന്നത് ചൂണ്ടിക്കാട്ടി എറണാകുളം കണ്ണമാലിയില്‍ നാട്ടുകാരുടെ പ്രതിഷേധം. കണ്ണമാലിയില്‍ കടലാക്രമണ ഭീഷണി രൂക്ഷമായ പശ്ചാത്തലത്തില്‍ തങ്ങളുടെ ആവശ്യത്തിന് അടിന്തരമായി മറുപടി നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെയും കടല്‍ത്തീരത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.
ജനിച്ച സ്ഥലത്ത് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്ന് കണ്ണമാലിക്കാര്‍ പറയുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേരാണ് കനത്ത മഴയേയും അവഗണിച്ച് സമരം ചെയ്യുന്നത്. ശക്തമായി പ്രതിഷേധിച്ചിട്ടും ജില്ലാ ഭരണകൂടമോ ജനപ്രതിനിധികളോ തിരിഞ്ഞുനോക്കുന്നില്ലെന്നും ജനങ്ങള്‍ പരാതിപ്പെടുന്നു.
കൊച്ചി ചെല്ലാനത്ത് 340 കോടി രൂപയുടെ പദ്ധതിയില്‍ കടല്‍ഭിത്തി നിര്‍മാണം നടത്തിയിരുന്നു. എന്നാല്‍ അതിന് തൊട്ടടുത്തുള്ള കണ്ണമാലി പ്രദേശത്തെ അവഗണിച്ചെന്നാണ് കണ്ണമാലി നിവാസികള്‍ പറയുന്നത്. വീടുകളില്‍ വെള്ളം കയറിയതോടെ ഭക്ഷ്യവസ്തുക്കളും കുട്ടികളുടെ പഠനോപകരണങ്ങളും ഒലിച്ചുപോയി. ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും കടല്‍ഭിത്തി നിര്‍മിക്കാന്‍ തീരുമാനമായില്ലെങ്കില്‍ വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കുമെന്നും പ്രതിഷേധിക്കുന്ന നാട്ടുകാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.