Thursday, January 23, 2025
National

അമ്മാവനെ ചതിച്ച് എൻസിപിയെ പിളർത്തിയ അജിത് പവാർ; കടന്നുവന്നത് സംഭവബഹുലമായ വഴികളിലൂടെ

അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു എക്കാലവും അജിത് പവാർ. ചാടിയും മറിഞ്ഞും അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ ഇരുപ്പുറപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയ തന്ത്രജ്ഞരിൽ ഒരാൾ. നന്നേ ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റെടുത്ത അജിത് പവാർ ഇന്ന് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹം കടന്നു വന്ന സംഭവ ബഹുലമായ വഴികളിലൂടെയാണ്.

മഹാരാഷ്ട്ര എന്നും രാഷ്ട്രീയ മഹാ നാടകങ്ങളുടെ വേദിയാണ്. ഈ നാടകങ്ങളിൽ എപ്പോഴും അപ്രതീക്ഷിത ട്വിസ്റ്റുകൾക്ക് വഴിയൊരുക്കിയ ആളാണ് അജിത് പവാർ. നാല് വർഷത്തിനിടെ മൂന്ന് തവണ മൂന്ന് വ്യത്യസ്ത മുഖ്യമന്ത്രിയുടെ കീഴിൽ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ് സമാനതകലില്ലാത്ത അധികാര യാത്ര. ഈ ട്രാക്ക് റെക്കോർഡ് മതി അജിത് പവാർ എന്നും അധികാരത്തോട് ചേർന്നു നിൽക്കാൻ എത്രത്തോളം ശ്രമിച്ചിട്ടുണ്ടെന്ന് മനസിലാക്കാൻ. ദേശീയ രാഷ്ട്രീയത്തിലെ തന്നെ പ്രധാന മുഖമായി അജിത് പവാർ മാറുമ്പോൾ അദ്ദഹം വന്ന വഴി എളുപ്പമുളളതായിരുന്നില്ല.

എൻസിപിയുടെ ശക്തി ദുർഗമാണ് പുണെയും പരിസര പ്രദേശങ്ങളും. പുണെയിലെ ബാരാമതി പ്രദേശത്തിന് കിരീടം വെക്കാത്ത ഒരു രാജാവുണ്ടെങ്കിൽ അത് അജിത് പവാറാണ്. വിഖ്യാത സംവിധായകൻ വി ശാന്താറാമിന്റെ സഹായിയിരുന്ന അന്തറാവു പവാറിന്റെ മകനായി 1959 ലാണ് അജിത് പവാർ ജനിക്കുന്നത്. എൻസിപിയുടെ പരമോന്നത നേതാവായ ശരദ് പവാറിന്റെ അനന്തരവനായ അജിത് പവാറിന് അച്ഛന്റെ മോശം ആരോഗ്യ സ്ഥിതി കാരണം ചെറുപ്പത്തിൽ തന്നെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 1982 ൽ മുംബൈയിലെ ഒരു പഞ്ചസാര ഫാക്ടറിയിലെ ബോർഡിലേക്ക് തെരഞ്ഞെടപ്പെടുന്നതോട് കൂടെയാണ് അജിത് പവാർ രാഷ്ട്രീയ പ്രവർത്തനം ഔദ്യോഗികമായി ആരംഭിക്കുന്നത്. പുണെ ജില്ലാ സഹകരണ ബാങ്കിന്റെ ചെയര്മാന് പദവിയിൽ 16 വര്ഷം ഇരുന്ന ശേഷം ബാരാമതിയിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നരസിംഹ റാവു സർക്കാരിൽ പ്രതിരോധ മന്ത്രിയായ അമ്മാവൻ ശരത് പവാറിന് വേണ്ടി അജിത് പവാർ ആ സ്ഥാനം രാജിവച്ചു. പിന്നീട് ബാരാമതി മണ്ഡലത്തിൽ നിന്ന് തന്നെ സംസ്ഥാന നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അജിത് പവാർ പിന്നീട് തുടച്ചയായി 5 തവണ അവിടെ നിന്ന് വിജയിച്ചു കയറി.

മന്ത്രിയായും ഉപമുഖ്യമന്ത്രിയായും ഇക്കാലമത്രയും കോൺഗ്രസ് – എൻ സി പി ഭരണകക്ഷികളിൽ പ്രവർത്തിച്ചിരുന്ന അജിത് പവാർ പക്ഷെ പലപ്പോഴും അസ്ഥിരമായ മന്ത്രിസഭയുടെ ഭാഗമായിരുന്നു. രാഷ്ട്രീയത്തിന്റെ വിരുദ്ധ ചേരികളിൽ സ്ഥിതി ചെയ്യുന്ന മന്ത്രി സഭകളിൽ അംഗമായതിലൂടെ തന്റെ രാഷ്ട്രീയ തത്വ ശാസ്ത്രത്തെ പറ്റി തികച്ചും വ്യത്യസ്തമായ സന്ദേശമാണ് അജിത് പവാർ നൽകിയത്.
ഇതിനെല്ലാം തന്നെ ശരദ് പവാറിന്റെ സമ്മതവും ആശിർ വാദവുമുണ്ടായിരുന്നു. രാഷ്ട്രീയത്തിലും കുടുംബത്തിലും ശരദ് പവാറിന്റെ പിന്നിൽ മാത്രം നടന്നിരുന്ന അജിത് പവാർ ഇപ്പോൾ ശരത് പവാറിനെ വെട്ടി, പാർട്ടി പിളർത്തി അഞ്ചാം തവണ ഉപ മുഖ്യമന്ത്രി കസേരയിലെത്തുമ്പോൾ, തന്റെ അച്ഛൻ പ്രവർത്തിച്ച സിനിമകളേക്കാൾ വെല്ലുന്ന തിരക്കഥയാണ് എഴുതപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *