‘ത്യാഗത്തിൻ്റേയും സ്നേഹത്തിൻ്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേത്’: മുഖ്യമന്ത്രി
ത്യാഗത്തിൻ്റേയും സ്നേഹത്തിൻ്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. വ്യതിരിക്തതകളുടെ വേലിക്കെട്ടുകൾ ഭേദിച്ച് എല്ലാ മനുഷ്യർക്കും ഒത്തുചേർന്ന് ബലി പെരുന്നാൾ ആഘോഷിക്കാൻ സാധിക്കണം. ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെങ്ങുമുള്ള കേരളീയർക്ക് ഈദൽ അദ് ഹ ആശംസകൾ നേർന്നു. “ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്റെ ഹാർദമായ ഈദുല്‍ അദ്ഹ ആശംസകള്‍. ത്യാഗത്തെയും അര്‍പ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദുല്‍ അദ്ഹ സ്നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുശക്തമാക്കുന്ന സത്കര്‍മങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ”- ഗവർണർ ആശംസിച്ചു.