Friday, April 11, 2025
Kerala

കേരളത്തിൻ്റെ സാഹോദര്യത്തിൻ്റേയും മൈത്രിയുടേയും വിളംബരം കൂടിയായി കലോത്സവം മാറി; മുഖ്യമന്ത്രി

അറുപത്തിയൊന്നാമത് കേരളാ സ്കൂൾ കലോത്സവം ഇന്നു കൊടിയിറങ്ങി. കലയോടുള്ള നമ്മുടെ നാടിൻ്റെ ഉത്ക്കടമായ താത്പര്യവും അർപ്പണബോധവും മേളയെ ഉജ്ജ്വലമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ സാഹോദര്യത്തിൻ്റേയും മൈത്രിയുടേയും വിളംബരം കൂടിയായി കലോത്സവം മാറി. അഞ്ചു രാപ്പകലുകൾ നീണ്ട കലോത്സവത്തിനു ആതിഥ്യമരുളുക എന്ന പ്രയാസകരമായ ദൗത്യം അതിഗംഭീരമായാണ് കോഴിക്കോട് നഗരം നിറവേറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കലോത്സവത്തിൻ്റെ നടത്തിപ്പിനു ജനങ്ങൾ മുന്നിട്ടിറങ്ങിയതോടെ നാടിൻ്റെ സ്വന്തം ആഘോഷമായി മാറുന്ന മനോഹരമായ അനുഭവമാണുണ്ടായത്. സംഘാടകരും കലോത്സവ നടത്തിപ്പിൻ്റെ ഭാഗമായ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ കൂട്ടായ്മകളും സർവോപരി കോഴിക്കോടുകാരും അഭിനന്ദനം അർഹിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ പോയിൻ്റുകൾ നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ കോഴിക്കോട് ജില്ലയ്ക്കും രണ്ടാം സ്ഥാനം പങ്കിട്ട കണ്ണൂർ ജില്ലയ്ക്കും പാലക്കാട്‌ ജില്ലയ്ക്കും അഭിനന്ദനങ്ങൾ. അതോടൊപ്പം കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ. കലോത്സവം പകർന്നു നൽകിയ അനുഭവങ്ങൾ കലയുടെ ലോകത്ത് കൂടുതൽ ദൂരം സഞ്ചരിക്കാനും പുതിയ അറിവുകൾ നേടാനും വലിയ സംഭാവനകൾ സമൂഹത്തിനു നൽകാനും ഓരോരുത്തർക്കും പ്രചോദനവും ആത്മവിശ്വാസവും നൽകട്ടെ. അടുത്ത കലോത്സവം കൂടുതൽ മികവുറ്റതാക്കാൻ നമുക്ക് ഇപ്പോഴേ പരിശ്രമിച്ചു തുടങ്ങാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *