‘വിദ്യയെ ഒളിച്ചു താമസിപ്പിച്ചിട്ടില്ല, ഉത്തരം പറയേണ്ടത് പൊലീസ്’; പേരാമ്പ്ര ഏരിയാ സെക്രട്ടറി
വ്യാജരേഖാ കേസിൽ ഒളിവിൽ കഴിയാൻ വിദ്യയെ പാർട്ടി സഹായിച്ചിട്ടില്ലെന്ന് സിപിഐഎം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മദ്. 15 ദിവസം വിദ്യ എവിടെയായിരുന്നുവെന്ന് അറിയില്ല. ഏത് വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും ആരാണ് ഒളിവിൽ പാർപ്പിച്ചതെന്നും പൊലീസ് പറയണമെന്നും എം കുഞ്ഞമ്മദ് പറഞ്ഞു.
വിദ്യ ഒളിച്ചുതാമസിച്ചെന്നത് വസ്തുതയാണ്. പാര്‍ട്ടി അന്വേഷണത്തില്‍ ഈ കുട്ടി എവിടെയാണ് താമസിച്ചതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. പേരാമ്പ്രക്കാര്‍ക്ക് വിദ്യയുമായി യാതൊരുബന്ധവുമില്ല. ഏതെങ്കിലും പഴയ എസ്എഫ്‌ഐക്കാരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അത് പൊലീസ് പറയട്ടെ. പൊലീസ് ആ വീട് ഏതെന്ന് പറയാന്‍ താമസിപ്പിക്കേണ്ടതില്ലെന്നും കുഞ്ഞമ്മദ് പറഞ്ഞു.
എത്രയും വേഗം ആരാണ് ഒളിപ്പിച്ചതെന്ന് പൊലീസ് പറയണം. അതുവരെ കാക്കാനുള്ള ക്ഷമ യുഡിഎഫും മാധ്യമപ്രവര്‍ത്തകരും കാണിക്കണമെന്ന് കുഞ്ഞമ്മദ് പറഞ്ഞു. മാധ്യമങ്ങള്‍ ഇല്ലാക്കഥ ഉണ്ടാക്കുകയാണെന്നും കുഞ്ഞമ്മദ് കുറ്റപ്പെടുത്തി. വിദ്യയെ കുഞ്ഞമ്മദ് സുഹൃത്തിന്റെ വീട്ടില്‍ പാര്‍പ്പിച്ചുവെന്നും പൊലീസിന് അറിയാമായിരുന്നുവെന്നും ആരോപിച്ച് വിവിധ സംഘടനകൾ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് പാര്‍ട്ടി നേതാവിന്റെ വിശദീകരണം.