വ്യാജരേഖാ വിവാദം; കെ വിദ്യയെ അറസ്റ്റ് ചെയ്തെങ്കിലും സർക്കാരിനും എസ്എഫ്ഐക്കും എതിരെ പ്രചരണം ശക്തമാക്കാൻ പ്രതിപക്ഷം
വ്യാജരേഖാ വിവാദത്തിൽ കെ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സർക്കാരിനും എസ്എഫ്ഐക്കും എതിരെ പ്രചരണം ശക്തമാക്കാൻ പ്രതിപക്ഷം. വിദ്യയെ ഇത്രയും ദിവസം ഒളിവിൽ കഴിയാൻ സഹായിച്ചത് എസ്എഫ്ഐ എന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. വ്യാജരേഖ നിർമ്മാണത്തിന് സഹായിച്ചവരെയും പിടികൂടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഒപ്പം നിഖിൽ തോമസിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്ന വിവിധ അഴിമതികൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഗവർണർക്ക് കത്ത് നൽകി.
വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യയുടെ അറസ്റ്റ് അല്പസമയം മുൻപാണ് പൊലീസ് രേഖപ്പെടുത്തിയത്. സമർപ്പിച്ചത് വ്യാജരേഖയല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യ.